Latest News

രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും മൂലം ജനം പൊറുതിമുട്ടിയ പയ്യന്നൂരിന്റെ മണ്ണില്‍ നേതാക്കളുടെ അപൂര്‍വസംഗമം തീര്‍ത്ത് കറുത്ത ജൂതന്‍ തുടങ്ങി

പയ്യന്നൂര്‍:[www.malabarflash.com] സിനിമാതാരം സലിംകുമാറിന്റെ നിര്‍ദേശമനുസരിച്ചു കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ക്ലാപ്പടിച്ചപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ക്യാമറയുടെ സ്വിച്ച്ഓണ്‍ ചെയ്തു. പ്രസംഗപീഠത്തില്‍ എംഎല്‍എയുടെ വേഷത്തില്‍ ടി.എന്‍.പ്രതാപന്‍ സദസ്സിനെ നോക്കി പ്രസംഗം തുടങ്ങി. മാളയിലെ എന്റെ പ്രിയപ്പെട്ട നാട്ടുകാരെ... നടന്‍ സലിംകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന കറുത്ത ജൂതന്‍ എന്ന സിനിമയുടെ സിച്ച്ഓണ്‍ വേദിയിലായിരുന്നു രാഷ്ട്രീയ നേതാക്കളുടെ അപൂര്‍വസംഗമം.

രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും മൂലം ജനം പൊറുതിമുട്ടിയ പയ്യന്നൂരിന്റെ മണ്ണിലെ രാമന്തളി ഹൈസ്‌കൂളില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്കു ഹൃദ്യമായ നിമിഷങ്ങളായി ഇരു നേതാക്കളുടെയും ഒത്തുകൂടല്‍.

ആദ്യപ്രസംഗം കെ.സുധാകരന്റേതായിരുന്നു. 'ഞാനും ജയരാജനും ഒരുമിച്ചു വേദിയില്‍ വരുമോ എന്നാണ് എന്നോടു പലരും ചോദിച്ചത്. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായ അഭിപ്രായവ്യത്യാസമൊന്നുമില്ല.

പ്രസ്ഥാനങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. ഒന്നിച്ചിരിക്കുന്നതില്‍ ഭ്രഷ്ടൊന്നുമില്ല. ഞങ്ങള്‍ ഒരുപാടു പരിപാടികളില്‍ ഒരുമിച്ചിരുന്നിട്ടുണ്ട്. സലിം കുമാര്‍ എന്നോടു ചോദിച്ചു ജയരാജേട്ടന്റെ കൂടെ പങ്കെടുക്കാന്‍ തടസ്സമുണ്ടോയെന്ന്. അങ്ങനെയൊരു തടസ്സമില്ലെന്നു ഞാന്‍ തുറന്നുപറഞ്ഞു', കെ.സുധാകരന്‍ പറഞ്ഞു.

പി.ജയരാജന്റെ പ്രസംഗവും സമാനരീതിയില്‍ തന്നെയായിരുന്നു. 'രാഷ്ട്രീയ നേതാക്കന്മാരെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും ശരിയല്ല. പലരും പ്രചരിപ്പിക്കുന്നതു വാസ്തവവിരുദ്ധമാണ്. കണ്ണൂര്‍ ലോബി, കണ്ണൂര്‍ രാഷ്ട്രീയം എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്നു. അങ്ങനെയൊന്നില്ല. കണ്ണൂര്‍ ലോബിയും രാഷ്ട്രീയവും കേരളത്തിന്റെ ഭാഗമാണ്.

രണ്ടു പ്രമുഖ പാര്‍ട്ടികളിലെ നേതാക്കളാണ് ഞങ്ങള്‍ രണ്ടുപേരും. സിനിമാതാരം ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് രാഷ്ട്രീയ നേതാക്കന്മാര്‍ കള്ളന്മാരാണെന്നാണ്. എല്ലാ രാഷ്ട്രീയക്കാരെയും അടച്ചാക്ഷേപിക്കുന്നതു ദൗര്‍ഭാഗ്യകരം. സുധാകരനും ഞാനും കണ്ടാല്‍ മിണ്ടില്ല എന്നാണു പലരും കരുതിയിരിക്കുന്നത്. അതു ശരിയല്ല. സമൂഹ നന്മയ്ക്കു വേണ്ടി ഞങ്ങള്‍ യോജിക്കാറുണ്ട്.' പി.ജയരാജന്‍ പറ!ഞ്ഞു.

പി.ജയരാജനും കെ.സുധാകരനും വേദി പങ്കിടുന്നുവെന്ന വാര്‍ത്തയറിഞ്ഞ് സ്‌കൂള്‍ പരിസരത്തു വന്‍ ജനാവലി എത്തിയിരുന്നു. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷനായിരുന്നു. സിനിമയില്‍ മുഖ്യകഥാപാത്രമായി എത്തുന്ന കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍, സിപിഎം നേതാക്കളായ ടി.ഐ.മധുസൂദനന്‍, പി.സന്തോഷ് എന്നിവരും ചടങ്ങില്‍ ഉണ്ടായിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.