കാസര്‍കോട്:[www.malabarflash.com] സീതാംഗോളിയിലെ ബേള സെന്റ്‌മേരീസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം ശക്തമാകുന്നു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് മെറിറ്റ് സീറ്റില്‍ വ്യത്യസ്ഥ രീതിയില്‍ ഫീസ് വാങ്ങിയെന്നും മതപരമായ വിവേചനം കാണിച്ചുവെന്നുമുള്ള പരാതിയുമായാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.
മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളോട് പള്ളി വികാരി ചോദിച്ചാല്‍ മെറിറ്റ് സീറ്റിലാണ് പ്രവേശനം നേടിയതെന്ന് പറയുവാന്‍ നിര്‍ബന്ധിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിലെ മേറിറ്റ് സീറ്റ് പ്രവേശനങ്ങള്‍ മുഴുവന്‍ പ്രിന്‍സിപ്പല്‍ അട്ടിമറിച്ചിരിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
കഴിഞ്ഞ ഒരാഴ്ചയായി സെന്റ് മേരീസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സമയത്ത് മെറിറ്റ് സീറ്റ് കോഴ വാങ്ങി മാനേജ്‌മെന്റ് സീറ്റാക്കി മാറ്റി പ്രിന്‍സിപ്പല്‍ അഴിമതി കാട്ടുന്നതായാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. ലൈബ്രറി ഉള്‍പ്പെടെ കോളേജിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പ്രിന്‍സിപ്പല്‍ സമുദായ അംഗങ്ങളുടെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗുണ്ടായിസം കാട്ടുകയാണെന്നും ഇതര മത വിശ്വാസികളായ വിദ്യാര്‍ത്ഥികളോട് വിവേചനം കാട്ടുന്നതും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
സമരം കാരണം കഴിഞ്ഞ ഒരാഴ്ചയായി കോളേജിന് അവധി നല്‍കിയിരിക്കുകയാണ്. കൃത്യമായി കുട്ടികളില്‍ നിന്ന് പിടിഎ ഫീസെന്ന് പറഞ്ഞ് വര്‍ഷാവര്‍ഷം പണം പിരിക്കുന്നതല്ലാതെ നിലവില്‍ പിടിഎ കമ്മറ്റി പോലും സ്ഥാപനത്തിലുണ്ടായിരുന്നില്ല. സമരം ശക്തമായതോടെ വിദ്യാര്‍ത്ഥികളുടെയും പോലീസിന്റെയും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കളുടെ യോഗം വിളിച്ച് കഴിഞ്ഞ ദിവസം പിടിഎ കമ്മറ്റി രുപീകരിക്കാനുള്ള നീക്കം കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പലിന് മുന്നില്‍ അവതരിപ്പിച്ചാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഉള്‍പ്പെടെയുള്ള ഭീഷണിയാണ് മുഴക്കാറെന്ന് കുട്ടികള്‍ പറയുന്നു. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാനായി ഫണ്ട് അനുവദിക്കാറുണ്ടെന്ന് മാനേജ്‌മെന്റ് കുട്ടികളോട് പറയാറുണ്ടെങ്കിലും പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ തുക ചിലവഴിക്കാതെ അഴിമതി നടത്തുകയാണെന്ന ആരോപണമുണ്ട്.
നിലവില്‍ ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുവദിക്കാറില്ല.
ഇപ്പോഴുള്ള പ്രിന്‍സിപ്പല്‍ തുടരുകയാണെങ്കില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് രാജി കത്ത് നല്‍കിയ അധ്യാപകര്‍ക്ക് നേരെ ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്.
സമരം ശക്തമായതോടെ കോളേജ് ഉള്‍പ്പെടുന്ന കോംപൗണ്ടിനകത്ത് പള്ളി പ്രവര്‍ത്തിക്കുന്നത് മറയാക്കി പ്രദേശവാസികളെ സംഘടിപ്പിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ നേരിടാന്‍ അധികൃതര്‍ ശ്രമിച്ചതായി ആരോപണമുണ്ട്. കോളേജിനകത്ത് സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് പുറത്ത് നിന്ന് കടന്ന് വന്ന പ്രദേശവാസികള്‍ മോശമായ രീതിയില്‍ പെരുമാറുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ടാണ് പ്രശ്‌നം ശാന്തമാക്കിയത്.
അനീതിക്കെതിരെ ന്യായമായ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയാണ് അധികൃതരെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ അധിക തുക തിരിച്ച് നല്‍കി പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രതിഷേധം ശക്തമായതോടെ എബിവിപി ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമരം നടക്കുന്നതറിഞ്ഞ് കോളേജിലെത്തി അധികൃതരെ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കാണാനോ സംസാരിക്കാനോ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല. സംസാരിക്കാന്‍ അനുവാദം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കാണാന്‍ താല്‍പ്പര്യമില്ലെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment