കോഴിക്കോട്:[www.malabarflash.com] തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി.കെ. ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിട്ടയച്ച മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്രം കാളിയറമ്പത്ത് അസ്‌ലമിനെ ( 22 ) ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി.
വെളളിയാഴ്ച വൈകിട്ട് അഞ്ചേകാലിന് സ്‌കൂട്ടറില്‍ രണ്ടു സുഹൃത്തുക്കളൊന്നിച്ച് യാത്രചെയ്യവേയാണ് അസ്‌ലമിന് വെട്ടേറ്റത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അസ്‌ലം രാത്രി ഒന്‍പതരയോടെ മരിച്ചു.സിപിഎമ്മുകാരാണ് കൊല നടത്തിയതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
മൃതദേഹം രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടില്‍ കൊണ്ടു വരും. കബറടക്കം ഉച്ചയ്ക്ക് ശേഷം വെള്ളൂര്‍കുരിക്കള്‍പൊയില്‍ ജുമുഅത്ത് പള്ളിയില്‍. പരേതനായ അബ്ദുല്ലയുടെ മകനാണ്. മാതാവ്: സുബൈദ. സഹോദരിമാര്‍: അസ്മനത്ത്, അസ്മിറ.
ചാലപ്രം വെള്ളൂര്‍ റോഡില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടറിലിടിച്ചു വീഴ്ത്തിയ ശേഷം അസ്‌ലമിനെ വെട്ടുകയായിരുന്നു. കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. മുഖത്തും കഴുത്തിനും നാഭിക്കും മാരകമായി മുറിവേറ്റിരുന്നു. കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ചികില്‍സ നല്‍കിയ ശേഷമാണ് കോഴിക്കോട്ടേക്കു കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന പുളിയാവ് സ്വദേശികളായ പഴുക്കന്റവിട മുഹമ്മദ് ( 20), ഓണോട്ടുപൊയില്‍ ഷാഫി ( 21 ) എന്നിവര്‍ക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.
ഒരു മൊബൈല്‍ ഫോണും ചെരുപ്പും സംഭവസ്ഥലത്തുനിന്നു കണ്ടെത്തി. കാറിന്റെ മുന്‍ഭാഗത്തെ ചിഹ്നം അടര്‍ന്നു വീണതും റോഡിലുണ്ട്. സ്ഥലത്ത് തളംകെട്ടി നില്‍ക്കുന്ന രക്തം പോലീസ് ടാര്‍പോളിന്‍ ഷീറ്റിട്ടു മൂടി. സംഭവമുണ്ടായ ഉടന്‍ കുറ്റിയാടി സിഐ ടി. സജീവന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ചാലപ്രം വെള്ളൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു.
റൂറല്‍ എസ്പി എന്‍. വിജയകുമാര്‍, എഎസ്പി ആര്‍. കറുപ്പസാമി തുടങ്ങിയവരും സ്ഥലത്തെത്തി. അക്രമികളെയും ഇവരെത്തിയ വാഹനവും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.
2015 ജനുവരി 22ന് ഷിബിന്‍ വധിക്കപ്പെട്ട കേസില്‍ അസ്‌ലമിനെ പോലീസ് മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്. ഈ ജൂണ്‍ 15 നാണ് ഷിബിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 17 പേരെയും മാറാട് സ്‌പെഷല്‍ കോടതി തെളിവില്ലെന്നു കണ്ടു വിട്ടയച്ചത്.
നാദാപുരം നിയോജകമണ്ഡലത്തില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment