Latest News

കെ എസ് ടി പി ഓവുചാല്‍ നിര്‍മ്മാണം: വ്യാപാര സ്ഥാപനങ്ങള്‍ ചെളിവെള്ളത്തില്‍ മുങ്ങി

കാഞ്ഞങ്ങാട്:[www.malabarflash.com] കനത്ത മഴയില്‍ കോട്ടച്ചേരി ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ച് കയറി. അതോടൊപ്പം ഈ സ്ഥാപനങ്ങളിലേക്ക് നടന്നെത്താന്‍ കഴിയാത്ത ദുരവസ്ഥയാണുള്ളത്.

ബുധനാഴ്ച രാത്രി മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴക്ക് ഇന്നുച്ചവരെ ശമനമുണ്ടായിരുന്നില്ല. കെ എസ് ടി പി റോഡ് വികസനത്തിന്റെ ഭാഗമായി നഗരത്തില്‍ ഓവുചാല്‍ നിര്‍മ്മാണം നടക്കുന്നുണ്ടെങ്കിലും പല സ്ഥലത്തും ഓവുചാല്‍ പണിതെങ്കിലും സ്ലാബ് ഇടാത്തതാണ് ചെളിവെള്ളം പ്രധാനമായും നഗരത്തില്‍ കെട്ടി നില്‍ക്കുന്നതും വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ച് കയറുന്നതും.
സ്ലാബിട്ട ഭാഗങ്ങളില്‍ നിന്നും നിര്‍മ്മാണത്തിലെ അശാസ്ത്രീയതയെ തുടര്‍ന്ന് പലയിടങ്ങളിലും പുറത്തേക്ക് ഒഴുകിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
മഴക്കാലം തീരുന്നത് വരെ ഇതുതന്നെയായിരിക്കും സ്ഥിതി. വഴിയാധാരമാകുന്നത് വ്യാപാരികളാണ്. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ സ്റ്റോറിലേക്കും വെള്ളം കയറിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് അങ്ങോട്ടേക്കെത്താനോ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനോ ഏറെ പ്രയാസമാണ്.
വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. 

ഓണം സമാഗതമായ സാഹചര്യത്തില്‍ ഈ നില തുടര്‍ന്നാല്‍ കച്ചവടം നന്നേ കുറയുമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. പലര്‍ക്കും വ്യാഴാഴ്ചയുടെ അവസ്ഥയില്‍ കട തുറക്കാന്‍ കഴിയാത്ത നിലയിലാണ്. ഓവുചാല്‍ നിര്‍മ്മാണം കഴിയുന്ന മുറക്ക് റോഡ് വികസിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കും. ഓവുചാല്‍ നിര്‍മ്മാണത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗത കുരുക്ക് ശക്തമാണ്.
റോഡ്-ഓവുചാല്‍ നിര്‍ മ്മാണ സാമഗ്രികള്‍ കോട്ടച്ചേരി ടൗണില്‍ തലങ്ങും വിലങ്ങുമായി നിര്‍ത്തിയിടുന്നതും ഗതാഗത കുരുക്കിന് പ്രധാന കാരണമായിട്ടുണ്ട്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.