Latest News

ഐ എസ് ബന്ധം; യാസ്മിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്:[www.malabarflash.com] ഭീകര സംഘടനയായ ഐ എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ സുനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്ത ബിഹാര്‍ സീതാമാര്‍ഹി ജില്ലയിലെ മുറോല്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദി(29)നെ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

പോലീസിന്റെ അപേക്ഷ മാനിച്ച് വെളളിയാഴ്ച രാവിലെയാണ് യുവതിയെ പോലീസിന് വിട്ടുകൊടുത്തത്. തെളിവെടുപ്പിന് ശേഷം വരുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് യാസ്മിനെ തിരിച്ച് ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജി മനോഹര്‍ കിണി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് യാസ്മിനെ ജില്ലാ കോടതിയില്‍ എത്തിച്ചത്.

കേരളത്തില്‍ യാസ്മിന്‍ താമസിച്ച കൊല്ലങ്കോട്, കൊല്ലം, തൃക്കരിപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാസ്മിനെ തെളിവെടുപ്പിന് കൊണ്ടുപോകും. ഐ എസ് ബന്ധമുള്ള മലയാളികളെ കുറിച്ചുള്ള വിശദ വിവരങ്ങളും പോലീസ് ആരായും. സംഭവവുമായി ബന്ധപ്പെട്ട് ഭീകര വിരുദ്ധ (യു എ പി എ) നിയമം അനുസരിച്ചാണ് പോലീസ് കേസെടുത്തത്. 

തൃക്കരിപ്പൂര്‍-പടന്ന മേഖലയിലെ പതിനേഴ് പേരുടെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ടാണ് ചന്തേര പോലീസ് കേസെടുത്തത്. അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പ് നടത്തി വരികയായിരുന്ന യുവതിയെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ടവര്‍ക്കും പിടിയിലായ യാസ്മിനും ഐ എസ് ബന്ധമുണ്ടെന്ന് പോലീസ് ഏതാണ്ട് കണ്ടെത്തിയിട്ടുണ്ട്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.