Latest News

ഹാജിമാര്‍ തമ്പുകളിലെത്തി; മിനാ താഴ്‌വര മന്ത്രമുഖരിതം

മക്ക:[www.malabarflash.com] വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്ക് ശേഷം മക്കയിലെ താമസ സ്ഥലങ്ങളില്‍ നിന്ന് മിനായിലെ തമ്പുകളിലേക്ക് നീങ്ങിത്തുടങ്ങിയ തീര്‍ത്ഥാടകരുടെ പ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെല്ലാം തമ്പുകളിലെത്തി. ബസുകളിലാണ് ഹാജിമാരെല്ലാം മിനായിലെത്തുന്നത്. വിവിധ മുത്വവ്വിഫ് ഓഫീസുകള്‍ക്ക് കീഴിലാണ് യാത്ര.

തമ്പുകളുടെ നഗരി വിശ്വാസികള്‍ കൈയടക്കിയതോടെ എങ്ങും തല്‍ബിയത്തിന്റെ മന്ത്രധ്വനികളാണ്. ശനിയാഴ്ച അഞ്ചുനേര നിസ്‌ക്കാരം മിനായില്‍ നിര്‍വ്വഹിച്ച് ഞായറാഴ്ച പ്രഭാതത്തോടെ അറഫയിലേക്കു നീങ്ങും.

ബസുകളിലും മശായിര്‍ മെട്രോ ട്രെയിനുകളിലുമായിരിക്കും നാളത്തെ അറഫയിലേക്കുള്ള പ്രയാണം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള നടപ്പാതകളിലെല്ലാം തണല്‍ കുടകള്‍ സ്ഥാപിച്ചിട്ടുണ്ട്. മിനായിലെ തമ്പുകളിലും ശീതീകരണ ജോലികള്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.

മസ്ജിദുല്‍ ഹറാമിലെ ഹറം വികസന പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മ്മാണം കഴിഞ്ഞ ഭാഗങ്ങളെല്ലാം തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കാന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിച്ചു. ലക്ഷക്കണക്കിനു തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പുതിയ ശാമിയാ കെട്ടിടങ്ങളും ഹറമിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് മുറ്റങ്ങളും തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുന്നുണ്ട്.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിമാത്രം 13 ലക്ഷത്തോളം വിദേശ തീര്‍ത്ഥാടകരാണ് ഹജ്ജിനായി എത്തിച്ചേര്‍ന്നത്. മദീന വഴിയും, കടല്‍, കര മാര്‍ഗ്ഗവും എത്തിയവരെ കൂടാതെയാണിത്. ആഭ്യന്തര തീര്‍ത്ഥാടകരുടെ മക്കയിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചു. ഇന്ന് ഉച്ചയോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെല്ലാം മിനായിലെത്തും. അറഫ, മിനാ, മുസ്ദലിഫ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെല്ലാം പൂര്‍ണ്ണവും കുറ്റമറ്റതുമാണെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് മക്കയില്‍ അറിയിച്ചു.


Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.