Latest News

വ്യാജസര്‍ട്ടിഫിക്കററ് നിര്‍മ്മിക്കുന്ന സ്ഥാപന ഉടമകള്‍ പിടിയില്‍


തലശ്ശേരി: [www.malabarflash.com] സഹകരണ സ്ഥാപനങ്ങളില്‍ പ്രമോഷന്‍ ലഭിക്കാനും വിദേശരാജ്യങ്ങളില്‍ മികച്ച ജോലി നേടാനും സഹായകമാംവിധം കൃത്രിമമായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന സ്ഥാപന ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു.

തലശ്ശേരി കടപ്പുറം റോഡിലെ അമൃതകോളേജില്‍ നടന്ന പരിശോധനയില്‍ സ്ഥാപന ഉടമ പിണറായി പാറപ്രത്തെ അജയന്‍ വടക്കയില്‍ (45), തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ടിന്റി പി ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

വടക്കന്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ പ്രമോഷന്‍കിട്ടാന്‍ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും തരപ്പെടുത്തിക്കൊടുത്തിരുന്നത് ഈ സ്ഥാപനമാണ്.
കാസര്‍കോട് ജില്ലയില്‍ നിരവധിപേര്‍ ഇവര്‍ മുഖേന ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രമോഷനും ജോലിയും നേടിയിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളിലെ വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് സഹകരണ വകുപ്പ് ഉത്തരവിട്ടിരുന്നു.
എന്നാല്‍ പ്രമോഷനും ജോലിയും നേടിയവരില്‍ മിക്കവരും രാഷ്ട്രീയ പിന്‍ബലമുള്ളവരായതിനാല്‍ നടപടികള്‍ ഉണ്ടായില്ല. കാഞ്ഞങ്ങാട്ടെ ഒരു സഹകരണ സ്ഥാപനത്തില്‍ ഇതേ ആരോപണമുന്നയിച്ച് പ്രധാനപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ ഏതാനും മാസം മുമ്പ് സസ്‌പെന്റ് ചെയ്തിരുന്നു.

അമൃത വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ വിവിധ സര്‍വ്വകലാശാലകളുടേയും സ്ഥാപനങ്ങളുടേയും നിരവധി വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനക്ക് ശേഷം പോലീസ് സ്ഥാപനത്തിന്റെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു.

തമിഴ്‌നാട് വിശ്വഭാരതി ഗുരുകുല്‍ ശിക്ഷാസംഘം, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ സി.വി രാമന്‍ സര്‍വ്വകലാശാല, വിശ്വഭാരത്ഗുരുകുല്‍ ശിക്ഷാപീഠ്, കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് പിടിച്ചെടുത്തവയില്‍ അധികവും. ചില സര്‍ട്ടിഫിക്കറ്റുകളില്‍ സ്ഥാപന ഉടമ തന്നെയാണ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വ്യക്തമായി.

മനോമണി സുന്ദരനാര്‍ യൂണിവേഴ്‌സിറ്റി, വിനായക മിഷന്‍ യൂണിവേഴ്‌സിറ്റി, മാനവ് ഭാരതി യൂണിവേഴ്‌സിറ്റി, ഇ.ഐ.എല്‍.എം യൂണിവേഴ്‌സിറ്റി എന്നിവയുടെയും വിവിധ ബോര്‍ഡുകളുടേയും വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, സര്‍ട്ടഫിക്കറ്റ് തയ്യാറാക്കുന്നതിനുള്ള പേപ്പര്‍ തുടങ്ങിയ പോലീസ് കണ്ടെടുത്തു. സ്ഥാപന ഉടമക്ക് എസ് എസ് എല്‍ സി മാത്രമാണ് വിദ്യാഭ്യാസയോഗ്യത.കസ്റ്റഡിയിലായ യുവതി ഈ സ്ഥാപനത്തില്‍ നിന്നുമാണ് എം.ബി.എ ബിരുദം സമ്പാദിച്ചത്. വാധ്യാര്‍പീടികയില്‍ നിന്ന് കടല്‍പാലത്തിലേക്കുള്ള റോഡിലാണ് സ്ഥാപനം കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ പല ഭാഗത്തായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം തുടങ്ങിയത് 1993ലാണ്. 70,000 രൂപക്ക് മുകളിലാണ് ബിരുദ സര്‍ട്ടിഫിക്കറ്റിന് തുക ഈടാക്കിയതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

വിദേശത്തേക്ക് പോവുന്നവ ര്‍ക്കുള്ള എംബസി അറ്റസ്‌റ്റേഷനുള്ള രേഖകളും ഇവിടെ നിന്ന് തയ്യാറാക്കി നല്‍കുന്നു. പതിനായിരം രൂപയാണ് ഇതിന്റെ ചാര്‍ജ്. വര്‍ഷങ്ങളായുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വില്‍പ്പനയിലൂടെ കോടികളുടെ ഇടപാട് നടത്തിയതായും സൂചനയുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന. കാസര്‍കോട് ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.