Latest News

കാവേരി പ്രശ്‌നം: ബെംഗളൂരുവില്‍ വ്യാപക അക്രമം; പോലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു

ബെംഗളൂരു:[www.malabarflash.com] കാവേരി പ്രശ്‌നത്തില്‍ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തി. ഹഗനപള്ളിയില്‍ പോലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പോലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി.
അതിനിടെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈദ്ഗാഹ് മൈതാനങ്ങളെ നിരോധനാജ്ഞയില്‍ നിന്നൊഴിവാക്കി. 

മൈസൂരു, മണ്ഡ്യ ജില്ലകളിലും അക്രമം നിയന്ത്രണാതീതമായി; ഒട്ടേറെ സ്ഥലങ്ങളില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്‌നാട് ബസുകളും മദ്ദൂരില്‍ ലോറികളും അഗ്‌നിക്കിരയാക്കി. ബെംഗളൂരുവിലെ കെങ്കേരിയില്‍ മാത്രം മുപ്പതിലേറെ സ്വകാര്യബസുകള്‍ കത്തിച്ചു. അമ്പതോളം ലോറികള്‍ക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയില്‍ പോലീസ് വാന്‍ കത്തിച്ചു. മണ്ഡ്യ മദ്ദൂരില്‍ യുവാവ് തീയില്‍ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. 

ക്രമസമാധാനപാലനത്തിനു 15,000 പോലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കര്‍ണാടകയിലെത്തി. കൂടുതല്‍ കേന്ദ്രസേനയെ എത്തിക്കാനും കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
മെട്രോയും ബിഎംടിസി (ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍) ബസുകളും ഉച്ചകഴിഞ്ഞു സര്‍വീസ് നടത്തിയില്ല. ഓട്ടോകളും ടാക്‌സി കാബുകളും ഉച്ചയ്ക്ക് ഓട്ടം നിര്‍ത്തിയതോടെ ഓഫിസ് ജോലിക്കാരുള്‍പ്പെടെ വലഞ്ഞു. പലയിടത്തും ടയറുകള്‍ കത്തിച്ചു റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സിനിമ തിയറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു. തമിഴ്‌നാട്ടുകാരുടെ ഹോട്ടലുകളും കടകളും തകര്‍ത്തു.
കെഎസ്ആര്‍ടിസിയും ദീര്‍ഘദൂര സ്വകാര്യബസുകളും റദ്ദാക്കിയത് ഓണത്തിനു നാട്ടില്‍ പോകാനിരുന്ന നൂറുകണക്കിനു മലയാളികളെ വലച്ചു. പലരും യാത്ര ഉപേക്ഷിച്ചു. 39 കെഎസ്ആര്‍ടിസി ബസുകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് അറിയിച്ചു. സംഘര്‍ഷത്തിന് അയവു വന്ന ശേഷം മാത്രം ബസുകള്‍ അയച്ചാല്‍ മതിയെന്നും മന്ത്രി നിര്‍ദേശം നല്‍കി.
സുപ്രീം കോടതി വിധി വരുന്നതിനു മുന്‍പ്, തമിഴ്‌നാട്ടില്‍ ചെന്നൈയിലും രാമേശ്വരത്തും അക്രമങ്ങളുണ്ടായി. ചെന്നൈയില്‍ കര്‍ണാടക സ്വദേശിയുടെ ഹോട്ടലിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. കര്‍ണാടക റജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ ആക്രമിച്ചു. രാമേശ്വരത്തു കന്നഡിഗ യുവാവിനെ മര്‍ദിച്ചു. 

ചെന്നൈയിലെ കര്‍ണാടക ബാങ്ക് ശാഖകള്‍, കര്‍ണാടക മാനേജ്‌മെന്റുകളുടെ സ്‌കൂളുകള്‍ എന്നിവയ്ക്ക് ഉച്ചയ്ക്കു ശേഷം അവധി നല്‍കി. കര്‍ണാടകയില്‍ നിന്നു വിനോദസഞ്ചാരികള്‍ എത്തിയ വാഹനവും അടിച്ചുതകര്‍ത്തു.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.