ഹൈദരാബാദ്: ഈ പിതാവിന്റെ മനക്കരുത്തിന് മുന്നില്‍ കുത്തൊഴുക്കുള്ള നദിയും തോറ്റുപോയി. രോഗിയായ മകളെ ആശുപത്രിയിലെത്തിക്കാനാണ് പങ്കി സതിബാബു എന്ന 30 കാരന്‍ നദിയ്ക്ക് കുറുകെ നടന്നത്. ആന്ധ്രപ്രദേശിലെ കുടുമുസാരെയിലാണ് സംഭവം.
ആന്ധ്രയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് കുത്തിയൊഴുകുന്ന നദിയിലൂടെയായിരുന്നു മകളെ തലയിലേന്തി സതിബാബുവിന്റെ സാഹസികമായ നടത്തം. രണ്ട് മണിക്കൂറെടുത്താണ് ഇദ്ദേഹം നദിക്ക് കുറുകെ എത്തിയത്.
കടുത്ത പനിയെത്തുടര്‍ന്ന് ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ നില വഷളായതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ സതിബാബു നദിയ്ക്ക് കുറുകെ നടന്നത്. വാഹനങ്ങള്‍ക്ക് ശ്രമിച്ചു നോക്കിയെങ്കിലും നാല് ഭാഗത്തും വെള്ളമായതിനാല്‍ ഒരു വാഹനവും സഹായത്തിനെത്തിയില്ല. നദിയില്‍ കുത്തൊഴുക്ക് രൂക്ഷമായതിനാല്‍ വള്ളത്തിനുള്ള സൗകര്യവും ലഭിച്ചില്ല. തുടര്‍ന്ന് കുഞ്ഞിനെ തലയില്‍ ചുമന്ന് നടക്കാന്‍ സതിബാബു തീരുമാനിക്കുകയായിരുന്നു. താമസ സ്ഥലത്തു നിന്നും മൂന്ന് മൈല്‍ അകലെ ചിന്റപ്പള്ളിയിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് കുഞ്ഞുമായി സതിബാബു എത്തിയത്. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുടുമുസാരെയിലെ ജനങ്ങള്‍ക്ക് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വളരെ കുറവാണെന്ന് സോഷ്യല്‍ ആക്ടിവിസ്റ്റായ ശ്രീനിവാസ് ഗഞ്ചിവാരുപു പറയുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും സൗകര്യങ്ങള്‍ കുറവാണ്. ഇവിടെയുള്ളവരില്‍ ആരെങ്കിലും അത്യാസന്ന നിലയിലായാല്‍ ആശുപത്രിയില്‍ എത്തിക്കുക എളുപ്പമല്ലെന്നും ശ്രീനിവാസ് പറഞ്ഞു.


No comments:
Post a Comment