Latest News

പഠിപ്പിച്ച സ്‌കൂളിന്റെ ആദരവ് ഏറ്റുവാങ്ങവെ മുന്‍ പ്രധാന അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

കഴക്കൂട്ടം:[www.malabarflash.com] പഠിപ്പിച്ച സ്‌കൂളിന്റെ ആദരവ് ഏറ്റുവാങ്ങവെ അധ്യാപകദിനത്തില്‍ മുന്‍ പ്രധാന അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. ചന്തവിള കല്ലുവിളവീട്ടില്‍ സി.പങ്കജാക്ഷന്‍ നായരാ(75)ണ് ആറുവര്‍ഷം പ്രധാന അധ്യാപകനായും ദീര്‍ഘകാലം അധ്യാപകനായും സേവനമനുഷ്ഠിച്ച കണിയാപുരം മുസ്‌ലിം എച്ച്എസ്എസിലെ പൊതുവേദിയില്‍ കുഴഞ്ഞുവീണു മരിച്ചത്. ഇതേ സ്‌കൂളിലെ റിട്ടയേഡ് അധ്യാപികയായ ഭാര്യയും നോക്കിനില്‍ക്കേയാണ് മരണം.

രാവിലെ 10.30ഓടെ സ്‌കൂള്‍ മൈതാനത്തിലെ വേദിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന്, പ്രസംഗത്തിനായി മൈക്കിനടുത്തെത്തിയപ്പോള്‍ പങ്കജാക്ഷന്‍ നായര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുകയായിരുന്നു. ഉടന്‍തന്നെ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണെന്നു കരുതുന്നു.

 കണിയാപുരം മുസ്‌ലിം എച്ച്എസ്എസില്‍ ആറുവര്‍ഷം പ്രധാന അധ്യാപകനായും 27 വര്‍ഷം സയന്‍സ് അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997ലാണ് വിരമിച്ചത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
മക്കള്‍: രാജീവ് (അധ്യാപകന്‍, പോത്തന്‍കോട് എല്‍വിഎച്ച്എസ്), രാജേഷ് (യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി), രാധിക (അധ്യാപിക, ഗവ. എല്‍പിഎസ്, ചേങ്കോട്ടുകോണം). മരുമക്കള്‍: ബി. സുരേഷ്‌കുമാര്‍ (ഫെഡറല്‍ ബാങ്ക്), പ്രതിഭ, അഖില (കണിയാപുരം സഹകരണ ആശുപത്രി ജീവനക്കാരി).


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.