ന്യൂയോര്‍ക്ക്: [www.malabarflash.com] മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിക്കുന്നെന്ന പരാതിയുടെ തലവേദന ഇനിയും തീര്‍ന്നിട്ടില്ല സാങ്കേതികരംഗത്തെ അതികായന്‍മാരായ സാംസംഗിന്. അത് എങ്ങനെ പരിഹരിക്കും എന്നു ആലോചിച്ച് ഫോണ്‍ പൊട്ടിത്തെറിച്ചതിനേക്കാള്‍ കട്ടപ്പുക തലയില്‍ നിന്ന് ഉയരുമ്പോഴാണ് ഇതാ പുതിയൊരു പൊട്ടിത്തെറിക്കല്‍ വാര്‍ത്ത കൂടി. സാംസംഗിന്റെ വാഷിംഗ് മെഷീനുകളും വ്യാപകമായി പൊട്ടിത്തെറിക്കുന്നതായി പരാതി ഉയരുന്നു. വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസ് അധികാരികള്‍ സാംസംഗിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിപണിയില്‍ നല്ല മുന്നേറ്റം സൃഷ്ടിക്കുന്ന ചില ടോപ് ലോഡിംഗ് സാംസംഗ് വാഷിംഗ് മെഷീനുകളാണ് പൊട്ടിത്തെറിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. 2011 മാര്‍ച്ചിനും 2016 ഏപ്രിലിനും ഇടയ്ക്ക് നിര്‍മിച്ച വാഷിംഗ് മെഷീനുകളാണ് പൊട്ടിത്തെറിക്കുന്നതെന്നാണ് പരാതി. യുഎസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്‍ ആണ് പരാതി പരിശോധിക്കുന്നത്. കൂടുതല്‍ വസ്ത്രങ്ങള്‍ അലക്കാനുള്ളപ്പോഴും ബെഡ് ഷീറ്റ് പോലെയുള്ളവ അലക്കുമ്പോഴും സൂക്ഷിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പിന്‍ സ്പീഡ് കുറയുമ്പോഴാണ് പൊട്ടിത്തെറിക്കുന്നതെന്ന അനുമാനമാണ് ഇതിന് കാരണം.
പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാംസംഗുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുകയാണെന്ന് കമ്മീഷന്‍ അറിയിച്ചു. ഒരു മാസത്തില്‍ അധികമായി ഈ പരാതി പുറത്തുവരാന്‍ തുടങ്ങിയിട്ട്. വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ സാംസംഗിനെതിരെ നിയമനടപടിക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് സുരക്ഷാ കമ്മീഷന്റെ മുന്നറിയിപ്പ് വരുന്നത്. ടെക്‌സാസ്, ജോര്‍ജിയ, ഇന്‍ഡിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരാതിയുമായി എത്തിയിട്ടുള്ളത്.
അലക്കിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. ഒരു ബോംബ് പൊട്ടിത്തെറിക്കുന്നതായി തോന്നിയെന്നാണ് മക്കാലനില്‍ നിന്നുള്ള ഒരു വനിത പറഞ്ഞത്. ന്യൂജേഴ്‌സിയിലെ ഒരു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സമാനമായ പല സംഭവങ്ങളും പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പറയുന്നുണ്ട്. ഇതിനുള്ള തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment