Latest News

ഗുണ്ടാസംഘങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു

കാസര്‍കോട്:[www.malabarflash.com] കടവരാന്തയില്‍ രാത്രി ഉറങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും പണം തട്ടുന്ന സംഘങ്ങള്‍ നാടിന്റെ സൈ്വര്യജീവിതത്തിന് ഭീഷണിയാവുകയാണ്.

ഇതരസംസ്ഥാനക്കാരായതിനാല്‍ മറ്റാരും പ്രതികരിക്കില്ലെന്നും പോലീസില്‍ പരാതിപ്പെടില്ലെന്നും കണ്ടാണ് ഗുണ്ടാ സംഘങ്ങള്‍ ഇവര്‍ക്കെതിരെ തിരിയുന്നത്. പുതിയ ബസ്‌സ്റ്റാന്‍ഡിലും നുള്ളിപ്പാടിയിലും കടവരാന്തകളില്‍ കിടന്നുറങ്ങുന്ന തൊഴിലാളികളെ നിരന്തരം ഭീഷണിപ്പെടുത്തിയും അക്രമിച്ചും പണം തട്ടിയെടുക്കുന്നുവെന്ന പരാതി വ്യാപകമാണ്.

ഇത്തരത്തില്‍ പണം ചോദിച്ചെത്തിയ നുള്ളിപ്പാടി ചെന്നിക്കരയിലെ മണി ശനിയാഴ്ച രാത്രി പത്തോടെയാണ് കര്‍ണാടക കൊപ്പലിലെ ശരണപ്പയെ കൊലപ്പെടുത്തിയത്. ആറുമാസം മുമ്പ് നാട്ടില്‍നിന്നെത്തിയ ശരണപ്പ നാട്ടുകാരനായ മാരുതിക്കൊപ്പം നുള്ളിപ്പാടിയിലെ സുറുമാസ് സൂപ്പര്‍ബസാറിന്റെ കടവരാന്തയിലായിരുന്നു താമസം. രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവരെ സമീപിച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിന് മാരുതിയെ അക്രമിച്ചു.

തടയാന്‍ ശ്രമിച്ച ശരണപ്പ കരിങ്കല്ലുകൊണ്ടുള്ള ഇടിയും വയറിന് ചവിട്ടുമേറ്റ് നിലത്തുവീണു. തടയാനെത്തിയ കൂടെയുള്ളവരെയും അക്രമിച്ച മണി നാട്ടുകാരെത്തിയപ്പോഴേക്കും ഓടിമറഞ്ഞു. പരിക്കേറ്റ ശരണപ്പ തൊട്ടടുത്തുള്ള കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന കര്‍ണാടക സ്വദേശികളാണ് കാസര്‍കോട് നഗരത്തിലെയും പരിസരത്തെയും കടവരാന്തകളില്‍ അന്തിയുറങ്ങുന്നത്. വീട്ടുവാടക ഒഴിവാക്കാനാണ് നാട്ടില്‍ ഏക്കറുകളോളം കൃഷിഭൂമിയുള്ള ശരണപ്പയെപോലുള്ളവര്‍ അന്യ നാട്ടില്‍ കടവരാന്തയില്‍ രാത്രി ഉറങ്ങുന്നത്. നിലക്കടലയും ചോളവും മറ്റും വിളയുന്ന സ്വന്തം നാട്ടിലേക്ക് ഇവര്‍ കൃഷിസമയമാകുമ്പോള്‍ മടങ്ങും.

ജലക്ഷാമം കാരണം വിളയും വിലയും കുറവായതിനാല്‍ കേരളത്തില്‍ കൂലിപ്പണിയെടുത്തുള്ള വരുമാനം ഉപയോഗിച്ചാണ് വീട്ടിലെയും കൃഷിയിടത്തിലെയും ചെലവ് നടത്തുന്നത്. വര്‍ഷങ്ങളായി കാസര്‍കോടെത്തി ജോലി ചെയ്യുന്നവരാണ് ഇവരില്‍ പലരും. നേരത്തെ ഒപ്പം ജോലിചെയ്യുന്ന ബന്ധുക്കളായ സ്ത്രീകളും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പണം തട്ടുന്ന ഗുണ്ടാസംഘങ്ങള്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ നാട്ടിലേക്ക് പറഞ്ഞുവിട്ടു. ചിലര്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചു.

പുതിയ ബസ്റ്റാന്‍ഡ് പരിസരത്തുള്ള നുള്ളിപ്പാടി, ചെന്നിക്കര, കോട്ടക്കണ്ണി, അണങ്കൂര്‍ തുടങ്ങിയവിടങ്ങളിലെ വീടുകളില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഉള്‍ക്കൊള്ളാവുന്നതില്‍ അധികമാണ് ഇവിടങ്ങളില്‍ താമസിക്കുന്നവര്‍. പണംതട്ടുന്ന ഗുണ്ടാസംഘങ്ങള്‍ ഇവിടങ്ങളിലെത്തി ഭീഷണിപ്പെടുത്തുന്നതായും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുന്നതായും പരാതിയുണ്ട്.

പോലീസില്‍ പരാതിയെത്താത്തതിനാല്‍ അക്രമികള്‍ രക്ഷപ്പെടുന്നു. അക്രമികള്‍ നാട്ടുകാരായതിനാല്‍ ഇതരസംസ്ഥാനക്കാരായ ഇവര്‍ പേടിച്ച് പരാതി നല്‍കാന്‍ തയ്യാറല്ല. നിരപരാധിയായ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടതോടെ പോലീസും ജില്ലാ ഭരണകൂടവും മതിയായ സുരക്ഷയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.