Latest News

പെന്‍ഷന്‍ ഗുണഭോക്താക്കളെ കൂട്ടമായി വഴിവക്കില്‍ വിളിച്ചുവരുത്തി വിതരണം നടത്താന്‍ ശ്രമം: വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു

ഹരിപ്പാട്:[www.malabarflash.com] പെന്‍ഷന്‍ വീട്ടില്‍ എത്തിക്കുന്നതിനു പകരം ഗുണഭോക്താക്കളെ കൂട്ടമായി വഴിവക്കില്‍ വിളിച്ചുവരുത്തി വിതരണം നടത്താനുള്ള ശ്രമം വയോധികനായ കര്‍ഷകത്തൊഴിലാളിയുടെ മരണത്തില്‍ കലാശിച്ചതായി പരാതി.

പെന്‍ഷന്‍ വാങ്ങാന്‍ ചുറ്റുവട്ടത്തുള്ള മറ്റാളുകളെ സംഘടിപ്പിക്കാന്‍ സഹകരണ സംഘം ജീവനക്കാര്‍ ചുമതലപ്പെടുത്തിയ ചേപ്പാട് കരിപ്പുഴ മരങ്ങാട്ട് സദാനന്ദന്‍ (70) ക്ലേശത്തെത്തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചതായാണു ബന്ധുക്കളുടെ പരാതി.
വീട്ടില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള സഹകരണ സംഘത്തിലെ ജീവനക്കാരാണു സദാനന്ദനു കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വീട്ടിലെത്തിക്കേണ്ടത്. എന്നാല്‍, പെന്‍ഷന്‍ വാങ്ങാന്‍ സമീപത്തുള്ള എല്ലാ പെന്‍ഷന്‍കാരെയും കൂട്ടി കരിപ്പുഴ ജംഗ്ഷനിലെത്താന്‍ സംഘവുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ 30നു സദാനന്ദനോട് നിര്‍ദേശിച്ചു.
ഇതനുസരിച്ചു സദാനന്ദന്‍ എല്ലാവരുടെയും വീടുകളിലെത്തി വിവരം അറിയിക്കുകയും കരിപ്പുഴ ജംഗ്ഷനില്‍ ഒത്തുചേരുകയും ചെയ്തു. എന്നാല്‍, സംഘം ജീവനക്കാര്‍ പറഞ്ഞ സമയത്തു സ്ഥലത്തെത്തിയില്ല. തുടര്‍ന്ന് അവരെ ബന്ധപ്പെട്ടപ്പോള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണമെന്നു നിര്‍ദേശിച്ചത്രെ. ഇതനുസരിച്ചു തിരികെ പോയി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി വന്നെങ്കിലും ജീവനക്കാര്‍ എത്തിയില്ല.
ഇതിനിടെ സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. 

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം സംബന്ധിച്ചു ഭാര്യ തങ്കമ്മ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. മക്കള്‍: പ്രസന്നന്‍, ഷര്‍മിള, പരേതനായ സുജി. മരുമക്കള്‍: സന്ധ്യ, ദേവകി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.