ഡെല്‍ഹി: [www.malabarflash.com] അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന ഇന്ത്യയുടെ വെളിപ്പെടുത്തിലിന് ശേഷം അതിര്‍ത്തിയിലും മറ്റ് തന്ത്രപ്രധാന മേഖലയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികരുടെ അവധികള്‍ റദ്ദാക്കി. അവധിയില്‍ പ്രവേശിച്ചവരോട് ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചാബ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്തുനിന്നും തീവ്രവാദികളുടെ ഭാഗത്തുനിന്നും പ്രത്യാക്രമണം ഉണ്ടായാലുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് മാറ്റിപ്പാര്‍പ്പിക്കല്‍. സ്‌കൂളുകളും മറ്റും അനിശ്ചിതകാലത്തേക്ക് അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കശ്മീരില്‍ അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം ഇന്ത്യ നിര്‍ത്തിയിട്ടുണ്ട്. പൂഞ്ച്, നൗഗാം ഭാഗങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്. പാകിസ്താനോട് ചേര്‍ന്ന അതിര്‍ത്തി മേഖലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലത്തിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനാണ് പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശം. അമൃതസര്‍ ജില്ലാ ഭരണകൂടം ഇതിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് അതിര്‍ത്തിയിലെ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജമ്മുകശ്മിരിലും അതീവ ജാഗ്രതയിലാണ് സൈന്യവും പൊലീസും. നുഴഞ്ഞുകയറ്റക്കാരെ പ്രതിരോധിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment