കൊച്ചി: [www.malabarflash.com] മുറിയില്‍ ഒന്നിച്ചു താമസിച്ച ശേഷം പണവും കാറുമായി കടന്നുകളഞ്ഞ കേസ് മൂന്നു വര്‍ഷം പൊടിപിടിച്ചിരുന്നതിനു പിന്നില്‍ ഉന്നത പോലീസ് ബന്ധം. ചോദ്യം ചെയ്യാനായി തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തപ്പെട്ട പ്രതി കവിത, അറസ്റ്റിനുള്ള നീക്കമറിഞ്ഞു സ്വന്തം മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് പോലീസ് സ്‌റ്റേഷനില്‍ നശിപ്പിച്ചു.
ഫോണിലെ കോള്‍ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാനായിരുന്നു ഇതെന്നാണു പോലീസ് നിഗമനം. വനിതാ പോലീസുകാര്‍ ദേഹപരിശോധന നടത്തിയിട്ടും സിം കണ്ടെത്താന്‍ കഴിഞ്ഞില്ല. 2013 ജൂലൈയില്‍ നടന്ന സംഭവത്തില്‍ ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയില്‍ കവിത (35), കണ്ണൂര്‍ നുച്ചാട് മണിപ്പാറ കൊട്ടയ്ക്കാട്ട് അനീഷ് (31) എന്നിവരെ ഞായറാഴ്ചയാണു നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
തീര്‍പ്പാക്കിയ കേസുകളുടെ കൂട്ടത്തില്‍ പോലീസ് രേഖകളിലുണ്ടായിരുന്ന കേസാണു സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണം പോലും നടത്താതെ കേസ് മരവിപ്പിച്ചതു കൊച്ചി സിറ്റിയിലെ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണെന്ന വിവരവും പുറത്തുവന്നു. ഇദ്ദേഹം ഒരു വര്‍ഷം മുമ്പു സര്‍വീസില്‍ നിന്നു വിരമിച്ചു.
കോലഞ്ചേരി സ്വദേശിയായ കരാറുകാരനൊപ്പം കലൂര്‍ ഐഎംഎ ഹൗസില്‍ താമസിച്ച ശേഷമാണ് ഇയാളുടെ കാറും 80,000 രൂപയുമായി കവിതയും ഇവര്‍ വിളിച്ചുവരുത്തിയ അനീഷും കടന്നത്. കവിതയെക്കൂടാതെ കരാറുകാരനൊപ്പം ദിവ്യ എന്ന പേരില്‍ മറ്റൊരു യുവതിയുമുണ്ടായിരുന്നു.
സംഭവം നടന്നു നാലാംദിവസം കലൂര്‍ സ്‌റ്റേഡിയം പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം നോര്‍ത്ത് എസ്‌ഐയുടെ പേരില്‍ ഒരു തപാല്‍ കവറില്‍ കാറിന്റെ താക്കോലും ഒപ്പമൊരു കുറിപ്പും ലഭിച്ചു. സ്‌റ്റേഡിയം പരിസരത്ത് ഉപേക്ഷിക്കപ്പെട്ട കാറിന്റെ താക്കോലാണെന്നു മാത്രമായിരുന്നു കുറിപ്പ്. എന്നാല്‍ പണം മടക്കി നല്‍കിയില്ല. പണം തിരികെ കിട്ടണമെന്നു കരാറുകാരന്‍ നിലപാടെടുത്തെങ്കിലും കേസന്വേഷണം മരവിപ്പിക്കാന്‍ കവിതയ്ക്ക് അനുകൂലമായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടായി.
കേസ് തീര്‍ന്നെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു തിങ്കളാഴ്ച സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തുമ്പോള്‍ കവിത. എന്നാല്‍ അനീഷിനെക്കൂടി വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിമാന്‍ഡിലുള്ള പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment