Latest News

നീന്തി തുടിക്കാന്‍ ഉദുമക്കാരുടെ ചെണ്ടക്കുളം

ഉദുമ:[www.malabarflash.com] നീന്തല്‍ പഠിക്കാനും,പരിശീലിക്കാനും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആള്‍ക്കാരെത്തുന്ന ഉദുമ 'ചെണ്ടക്കുള' ത്തില്‍ തിരക്കൊഴിയുന്ന നേരമില്ല. അവധി ദിവസങ്ങളില്‍ ഒരേ സമയം 60 പേര്‍ വരെ ഈ അമ്പല കുളത്തില്‍ നീന്തി തുടിക്കാനെത്തുന്നത്.

പുറത്തുള്ളവര്‍ക്ക് അത്ഭുത കാഴ്ചയാണെങ്കിലും, പരിസര വാസികള്‍ക്ക് ഇതെല്ലാം പതിവ് സംഭവം മാത്രം. ചെണ്ടക്കുളത്തിലെ നീന്തല്‍, ജീവിതത്തിന്റെ ഭാഗമാക്കിയ ധാരളം പേരെ നമുക്കീ കുളക്കടവില്‍ കണ്ടുമുട്ടാനുമാകും. മഴക്കാലത്തെ അവധി ദിവസങ്ങളില്‍ ഉദുമയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ജാതി മത വ്യത്യാസമില്ലാതെ 200 ഓളം പേര്‍ ഇവിടെ നീന്താന്‍ എത്തും.

കുട്ടികളെ വഹനങ്ങളില്‍ എത്തിച്ചു മക്കള്‍ നീന്തിക്കഴിയുന്നത് വരെ കുളക്കടവില്‍ കാത്തിരിക്കുന്ന നിരവധി രക്ഷിതാക്കളെയും വൈകുന്നേരങ്ങളില്‍ ചെണ്ടകുളത്തിന്റെ പരിസരത്ത് കാണാം. 

മുക്കുന്നോത്ത്, ബാര, നാലാംവാതുക്കല്‍, ആറാട്ട്കടവ് എന്നിവടങ്ങളില്‍ നിന്നെല്ലാം ഇരുചക്ര വാഹനങ്ങളില്‍ ചെറുപ്പക്കാരുടെ സംഘവും നീന്താനെത്തുന്നു. രാവിലെ 11 മുതല്‍ മൂന്നു വരെ പെണ്‍കുട്ടികള്‍ക്കുള്ള നീന്തല്‍ സമയമാണ്. ബാക്കിയുള്ള സമയം ആണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാം.

23 സെന്റു വിസ്തൃതിയുള്ള ചെണ്ടകുളം ഉദയമംഗലം മഹാ വിഷ്ണുക്ഷേത്രത്തിന്റെ അധീനതയിലുള്ളതാണ്. ക്ഷേത്രത്തില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനം മുമ്പ് ഇതിനടുത്തായിരുന്നു. സ്ഥലത്തെ പ്രധാനിയായിരുന്ന ചെണ്ട പക്കീരന്റെ കൈ വശമുണ്ടായിരുന്ന കുളം, പിന്മുറക്കാരെല്ലാം ചേര്‍ന്ന് സംഭാവനയായി ക്ഷേത്രത്തിലേക്ക് നല്‍കുകയായിരുന്നുവെന്ന് ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ജലസേചനവകുപ്പ്, കുളത്തിന് പാര്‍ശ്വഭിത്തികള്‍ നിര്‍മ്മിച്ച്, ആഴം കൂട്ടി നാട്ടുകാര്‍ക്ക് നീന്തല്‍ പഠിക്കാനും, പരിശീലിക്കാനും സൗകര്യമൊരുക്കികൊടുത്തു.
കഴിഞ്ഞ വര്‍ഷം പള്ളം വിക്ടറി ക്ലബ്ബുകാര്‍ മുന്നിട്ടിറങ്ങി 60 കുട്ടികളെ നീന്തല്‍ പഠിപ്പിക്കുകയുണ്ടായി. പണ്ടു മുതല്‍ ഇവിടെ കുളമുള്ളതിനാല്‍ പരിസര വാസികള്‍ക്കെല്ലാം നീന്തല്‍ നന്നായിട്ടറിയാം. അതുകൊണ്ട് തന്നെ ആദ്യമായി നീന്താന്‍ എത്തുന്നവരെ സഹായിക്കാന്‍ ആരെങ്കിലുമൊരാള്‍ ഇവിടെ ഉണ്ടാകും. 

പഴയ കാലത്ത് ഈ കുളത്തില്‍ നിന്ന് ചാലു കീറി അടുത്തുള്ള വയലുകളിലേക്ക് വെള്ളമെത്തിച്ചു കൃഷി നടത്തിയിരുന്നു. ചുറ്റുവട്ടത്ത് വീടുകള്‍ കൂടുകയുംവയലുകളുടെ വിസ്തൃതി കുറയുകയും ചെയ്തതോടെ വേനക്കാലത്ത് കുളത്തില്‍ പഴയതു പോലെ വെള്ളമില്ലാതാകും. അതിനാല്‍ വേനല്‍ക്കാലത്ത് കുളക്കടവ് ശൂന്യമാകും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.