Latest News

വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം കാര്‍ഡ് വിതരണം; കടയുടമ പിടിയില്‍

ഉദുമ:[www.malabarflash.com] സിംകാര്‍ഡ് വാങ്ങാനായി യുവതി നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് സിംകാര്‍ഡ് മറിച്ചു വിററ സംഭവത്തില്‍ ബുക്ക് സ്റ്റാള്‍ ഉടമ പോലീസ് പിടിയിലായി. പനയാലിലെ ചന്ദ്രന്‍ (42) ആണ് പിടിയിലായത്.

പെരിയ ആയംപാറ സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. പെരിയാട്ടടുക്കത്ത് നന്ദനം ബുക്ക്‌സ് കടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഇവിടെ നിന്നും നിരവധിപേര്‍ക്ക് വ്യാജ പ്രൂഫില്‍ സിം കാര്‍ഡ് മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.

ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ കട പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആയംപാറ സ്വദേശിനിയായ യുവതിക്ക് ഒരു നമ്പറില്‍ നിന്നും അശ്ലീല ചിത്രം വഴന്നത്. ഇതേതുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം കാര്‍ഡ് വാങ്ങിയയാളാണ് സന്ദേശം അയച്ചതെന്നും, ഇത് പെരിയാട്ടടുക്കത്തെ കടയില്‍ നിന്നുമാണ് വാങ്ങിയതെന്നും വ്യക്തമാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തില്‍ കട റെയ്ഡ് നടത്തിയതോടെയാണ് സിംകാര്‍ഡ് മറിച്ചു വില്‍ക്കുന്ന സംഭവം പുറത്തുവന്നത്.

സിം കാര്‍ഡിനായി നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ നിരവധി പകര്‍പ്പുകളെടുത്താണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. ഇത്തരത്തില്‍ വില്‍പന നടത്തുന്ന സിം കാര്‍ഡിന് 300 രൂപയും അതില്‍ കൂടുതലുമാണ് വാങ്ങിയിരുന്നത്. പലപ്പോഴും സ്ത്രീകളെ ശല്യം ചെയ്യാനും മറ്റു കുററകൃത്യങ്ങള്‍ ചെയ്യാനുമാണ് ഇത്തരത്തിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.