Latest News

യാത്രയ്ക്കിടെ നഷ്ടപ്പെട്ട വീട്ടമ്മയുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍

കാഞ്ഞങ്ങാട്:[www.malabarflash.com] യാത്രയ്ക്കിടെ നഷ്ടപ്പെട്ട വീട്ടമ്മയുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് 39,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയിലായി. 
വെള്ളിക്കോത്ത് സ്വദേശികളായ വിനോദ്, ഇര്‍ഫാന്‍ എന്നിവരാണ് ബേഡകം പോലീസിന്റെ പിടിയിലായത്.

ഒക്ടോബര്‍ 11ന് ബേഡകം മരുതുംകര സ്വദേശിനിയും വീട്ടമ്മയുമായ സതിദേവിയുടെ നഷ്ടപ്പെട്ട എ ടി എം കാര്‍ഡ് ഉപയോഗിച്ചാണ് പ്രതികള്‍ പണം തട്ടിയെടുത്തത്.
എ ടി എം കാര്‍ഡിനൊപ്പംതന്നെയുണ്ടായിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രതികള്‍ മാവുങ്കാലിലെയും കാഞ്ഞങ്ങാട്ടെയും എ ടി എം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ചത്. മാവുങ്കാലിലെ എസ് ബി ഐയുടെ എ ടി എം കൗണ്ടറില്‍നിന്നും കാഞ്ഞങ്ങാട് ടൗണിലെ സിന്‍ഡിക്കറ്റ് ബാങ്കിന്റെ എ ടി എം കൗണ്ടറില്‍നിന്നും 19000 രൂപയും ഐ ഒ ബി ബാങ്കിന്റെ എ ടി എം കൗണ്ടറില്‍നിന്ന് 20000 രൂപയുമാണ് പ്രതികള്‍ പിന്‍വലിച്ചത്. 

എ ടി എം കൗണ്ടറിലെ സി സി ടി വിയില്‍നിന്നുമാണ് പ്രതികളെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഒക്ടോബര്‍ 11ന് കാഞ്ഞങ്ങാട്ടുവെച്ചാണ് സതിദേവിയുടെ എ ടി എം കാര്‍ഡ് നഷ്ടപ്പെട്ടത്. പിന്നീട് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

12ന് പുലര്‍ച്ചെ 12 മണിക്കും ഒരു മണിക്കുമിടയിലാണ് മൂന്ന് എ ടി എം കൗണ്ടറുകളില്‍നിന്നുമായി ഇത്രയും തുക പ്രതികള്‍ പിന്‍വലിച്ചത്. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് വിനോദ്. അടുത്ത സുഹൃത്തായ ഇര്‍ഫാന്‍ എട്ടോളം ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.

ബസില്‍ നിന്നും എ ടി എം കാര്‍ഡ് നഷ്ടപ്പെട്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ബേഡകം എസ് ഐ ടി കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിനോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് എ ടി എം കൗണ്ടറില്‍ നിന്ന് സതിദേവിയുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് ഇത്രയും തുക പിന്‍വലിച്ചതെന്ന് വ്യക്തമായി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.