Latest News

ഇ.പി ജയരാജന്‍ രാജിവെച്ചു


തിരുവനന്തപുരം: [www.malabarflash.com] സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു രാജി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് 142 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭയിലെ രണ്ടാമനെന്നറിയപ്പെടുന്ന വ്യവസായ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നിരിക്കുന്നത്.

വ്യവസായ വകുപ്പില്‍ തന്റെ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ തെറ്റുകാരനാണെന്ന് ഇ.പി. ജയരാജന്‍ തന്നെ സമ്മതിച്ചുവെന്ന് കൊടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നതിനും മറ്റ് സര്‍ക്കാറുകളില്‍ നിന്നും വ്യത്യസ്തമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്ന് തെളിയിക്കുന്നതിനും രാജി വെക്കാന്‍ അനുവദിക്കണമെന്ന് ജയരാജന്‍ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടി സെക്രട്ടേറിയേറ്റ് ഇതിന് അനുമതി നല്‍കി. ജയരാജന്‍ ഇന്ന് തന്നെ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കെ.ബാബുവിന്റെ രാജി സ്വീകരിക്കാതെ അപ്പീല്‍ പോകുകയും മന്ത്രിസ്ഥാനം തുടരാന്‍ അവസരമുണ്ടാക്കുകയുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരം സര്‍ക്കാറില്‍ നിന്ന് വ്യത്യസ്തമായി മാതൃകാപരമായ നടപടിയുണ്ടാകണമെന്ന പാര്‍ട്ടിയുടേയും ജയരാജന്റെയുംനിലപാടിനെ തുടര്‍ന്നാണ് രാജിയെന്നും കോടിയേരി വ്യക്തമാക്കി. ബന്ധു നിയമനം നടത്താനായി നിയമത്തില്‍ ഭേദഗതി വരുത്തി പാരമ്പര്യമാണ് യു.ഡി.എഫ് സര്‍ക്കാറിന്റെത്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് എല്‍.ഡി.എഫ് എന്ന് തെളിയിക്കേണ്ട ബാധ്യത ഇടതുസര്‍ക്കാറിനുണ്ട്.

വസുന്ധര രാജെക്കെതിരെ ആരോപണമുയര്‍ന്നിട്ടും പാര്‍ലമെന്റില്‍ രക്ഷാവലയം തീര്‍ത്ത് ആരോപണ വിധേയരെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിച്ചത്. പെട്രോള്‍ പമ്പ് കുംഭകോണത്തില്‍ നിരവധി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാനും ബി.ജെ.പി തയാറായില്ല.

അതേസമയം, കേന്ദ്ര കമ്മിറ്റിയംഗവും പാര്‍ട്ടിയുടെ സമുന്നതനായ നേതാക്കളിലൊരാളുമായ ഇ.പി ജയരാജന്‍ പാര്‍ട്ടിക്ക് വേണ്ടി നിരവധി ത്യാഗങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ടെന്നും കോടിയേരി ഓര്‍മിപ്പിച്ചു. നിയമന വിവാദത്തില്‍ നാട്ടിലെ സാധാരണക്കാരായ ആളുകളുടെ പ്രതികരണങ്ങള്‍ കൂടി കണക്കിലെടുത്താണ് ജയരാജന്‍ രാജിവെക്കുകയാണെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. ജയരാജന്‍ വഹിക്കുന്ന പാര്‍ട്ടി സ്ഥാനങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി അറിയിച്ചു.

ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. ഇത് വന്‍ വിവാദമായതോടെ ഉത്തരവ് വ്യവസായ വകുപ്പ് പിന്‍വലിക്കുകയും ചെയ്തിരുന്നു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ ബന്ധുവും കേരള ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് ജനറല്‍ മാനേജരുമായ ദീപ്തി നിഷാദിന്റെ നിയമനവും വിവാദമായി. ഇ.പി ജയരാജ?െന്റ ജേഷ്ഠന്റെ മകന്റെ ഭാര്യയാണ് ദീപ്തി നിഷാദ്. ദീപ്തി നിഷാദിനെ നിയമിച്ചത് മുതല്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ വന്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.