Latest News

മത ചടങ്ങിനിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി; എത്യോപ്യയില്‍ 52 മരണം


ആഡിസ് അബാബ (എത്യോപ്യ): [www.malabarflash.com] എത്യോപ്യയില്‍ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 52 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയുടെ തെക്കുകിഴക്ക് ഓറോമിയയിലെ ബിഷോഫ്ടുവില്‍ ഉല്‍സവം നടക്കുന്നതിനിടെ ഞായറാഴ്ചയായിരുന്നു സംഭവം. ഉല്‍സവത്തിനിടെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് തിക്കും തിരക്കുമുണ്ടായത്.

നിലത്തുവീണ പലര്‍ക്കും ശ്വാസം ലഭിക്കാത്ത സ്ഥിതിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 20 ലക്ഷത്തോളം പേരാണ് ഉല്‍സവത്തിനെത്തിയിട്ടുള്ളത്. മരണനിരക്ക് ഉയരാനുള്ള സാധ്യതയുണ്ട്. കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എത്യോപ്യയില്‍ നിരന്തരം പ്രതിഷേധമുണ്ടാകാറുണ്ട്. പ്രതിഷേധം അതിശക്തമാകുമ്പോള്‍ സര്‍ക്കാര്‍ പലപ്പോഴും ഇന്റര്‍നെറ്റ് സേവനം വിലക്കുന്നതു പതിവാണ്.

പല പ്രതിഷേധങ്ങളും അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യാന്തര തലത്തില്‍ ആശങ്കകള്‍ ഉണര്‍ന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേനയെ ഉപയോഗിക്കുന്നത് എത്യോപ്യയിലെ സ്ഥിതി ഗൗരവതരമാക്കിയിട്ടുണ്ടെന്ന് യുഎസ് അടുത്തിടെ പറഞ്ഞിരുന്നു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.