Latest News

ഗര്‍ഭിണിയുടെ ദുരൂഹമരണം; ഭര്‍ത്താവ് അറസ്റ്റില്‍, ഭര്‍തൃമാതാവിനും സഹോദരിമാര്‍ക്കുമെതിരെ കേസ്

കാസര്‍കോട്:[www.malabarflash.com] ഗര്‍ഭിണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃമാതാവിനും സഹോദരിമാര്‍ക്കുമെതിരെ കേസെടുത്തു.

ആദൂര്‍ കിന്നിംഗാറിലെ മുഹമ്മദലി-സഫിയ ദമ്പതികളുടെ മകള്‍ ഫായിസ(25)യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കമ്പാറിന് സമീപം ബെദ്രടുക്കയിലെ സാദിഖി(28)നെയാണ് കാസര്‍കോട് എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. 

ഐ.പി.സി 304-ബി (സ്ത്രീധനപീഡനംമൂലമുള്ള മരണം) വകുപ്പ് പ്രകാരമാണ് കേസ്. ഇതേ വകുപ്പ് ചേര്‍ത്ത് ഭര്‍ത്താവിന്റെ ഉമ്മ കെ. ആസ്യമ്മ (45), സഹോദരിമാരായ എസ്.കെ റുബീന (30), എസ്.കെ സുനീനത്ത് (27) എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോലീസ് സര്‍ജന്‍ കെ.എസ് ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഫായിസയുടെ മരണത്തിന് മുമ്പ് രക്തസ്രാവമുണ്ടായിരുന്നതായും വയറ്റിലുള്ള കുട്ടി മരിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. 

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മയ്യത്ത്  കിന്നിംഗാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതിന് 2012ല്‍ ഫായിസയുടെ പരാതിയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ വിചാരണ നടന്നുവരികയായിരുന്നു. 

പിന്നീടും ഭര്‍തൃവീട്ടുകാര്‍ ഫായിസയെ നിരന്തരം പീഡിപ്പിച്ചിരുന്നുവത്രെ. ഭക്ഷണംപോലും നല്‍കാതിരിക്കുകയും പലപ്പോഴും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ഫായിസ പലരോടും പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫായിസ സഹോദരിയുടെ ഫോണില്‍ വിളിച്ച് ഭര്‍തൃവീട്ടില്‍ നിന്ന് പീഡനമേറ്റിരുന്നതായി അറിയിച്ചിരുന്നു. ഫോണ്‍ വിളിച്ച് ഏതാനും മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് ഫായിസ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി വിവരം ലഭിക്കുന്നത്. സഹോദരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.