Latest News

മുത്തലാഖിനെതിരെ സിദ്ദിഖിന്റെ മുന്‍ ഭാര്യ


കോഴിക്കോട്: [www.malabarflash.com] മുത്തലാഖിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമാ ജമാലുദ്ദീന്റെ ഫേസ്ബുക് പോസ്റ്റ്. ഇസ്‌ലാം വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഇത്തരം ആചാരങ്ങള്‍ക്കെതിരെ പണ്ഡിത സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോണ്‍ കോളിലൂടെയോ അല്ലെങ്കില്‍ ഒരു പേപ്പര്‍ തുണ്ടിലൂടെയോ മൊഴി ചൊല്ലുന്നതിനെ മുത്വലാഖ് എന്ന ഓമനപ്പേരിലൂടെ ആധികാരികതയുണ്ടാക്കാന്‍ ശ്രമിക്കുന്നിടത്താണ് ഒരു കാടന്‍ നിയമം നടപ്പിലാക്കപ്പെടുന്നതെന്നും ഇക്കഴിഞ്ഞൊരു പെരുന്നാളില്‍ പുത്തനുടുപ്പിട്ട് സ്വന്തം പിതാവിന്റെ ഇടവും വലവും നിന്ന് ആഘോഷിക്കേണ്ട എന്റെ മക്കള്‍ പകരം മറ്റാരുടെയോ മക്കളുടെ കൂടെയുള്ളൊരു പിതാവിന്റെ ചിത്രം കണ്ട് കരഞ്ഞതും പെരുന്നാള്‍ ആഘോഷിക്കാതിരുന്നതുമടക്കം ഒട്ടനവധി വേദനകള്‍ സമ്മാനിച്ചതും ഇതേ മുത്വലാഖാണെന്നും നസീമ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുത്വലാഖും ചില ചിന്തകളും.
************************************
ഇസ്‌ലാമില്‍ വിവാഹമോചനത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ത്വലാഖ്.ഇസ്‌ലാമിക നിയപ്രകാരം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്യണമെങ്കില്‍ ത്വലാഖിന്റെ മൂന്നു ഘട്ടങ്ങള്‍ കഴിയണം.ഇതിനെയാണ് മുത്വലാഖ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.ദാമ്പത്യം ഏതു തരത്തിലും പൊരുത്തപ്പെട്ടു പോകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ അത്രമേല്‍ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.ആദ്യം മാനസികമായുള്ള അകല്‍ച്ചയും പിന്നീടത് ശാരീരികമായുള്ള അകല്‍ച്ചയും,ഇടയ്ക്കു ഒന്നിച്ചു ചേരാനുള്ള കുടുംബങ്ങള്‍ ഇടപെട്ടുള്ള മധ്യസ്ഥ ചര്‍ച്ചകളും തുടങ്ങി അതി സങ്കീര്‍ണ്ണമായ ഒട്ടനവധി കടമ്പകള്‍ പിന്നിട്ടാണ് സത്യത്തില്‍ വിവാഹ മോചനം എന്ന കര്‍മം ഇസ്‌ലാം അനുവദിക്കുന്നുള്ളൂ...കാലക്രമേണ മനുഷ്യര്‍ അവനവന്റെ സൗകര്യപൂര്‍ണ്ണമായൊരു തലത്തിലേക്ക് ഈ നിയമങ്ങളെ കൊണ്ടെത്തിക്കുകയും തല്‍ഫലമായി മുത്വലാഖ് പോലെയുള്ള തീര്‍ത്തും സ്ത്രീവിരുദ്ധവും അവിവേകവുമായ പല നിയമങ്ങളും ഇസ്‌ലാമില്‍ കടന്നു കൂടുകയും ചെയ്തു.അതിന്റെ ഫലമാണ് പുതുരീതികളായ വാട്‌സാപ്പ് ത്വലാഖുകളും വെള്ളപ്പേപ്പറില്‍ രേഖപ്പെടുത്തുന്ന ചില ത്വലാഖുകളുമൊക്കെ.തീര്‍ത്തും ഇസ്‌ലാം വിരുദ്ധവും സ്ത്രീകളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ആചാരങ്ങള്‍ക്കെതിരെ പണ്ഡിത സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോണ്‍ കോളിലൂടെയോ അല്ലെങ്കില്‍ ഒരു പേപ്പര്‍ തുണ്ടിലൂടെയോ മൊഴി ചൊല്ലി അതിനെ മുത്വലാഖ് എന്നൊരു ഓമനപ്പേരും നല്‍കി ആധികാരികതയുണ്ടാക്കാന്‍ ശ്രമിക്കുന്നിടത്താണ് ഒരു കാടന്‍ നിയമം നടപ്പിലാക്കപ്പെടുന്നത്.ഇവിടെ ഇരകള്‍ക്ക് മതപരവും നിയപരവുമായ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്ന ഇന്ത്യന്‍ സെക്യുലറിസത്തിന്റെ സവിശേഷാധികാരവും ഇസ്‌ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് കിട്ടേണ്ട നീതിയും ഒരുപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥയും ഇത്തരം ത്വലാഖിലൂടെ നടപ്പിലാവുന്ന കാഴ്ചയും ഇന്ന് സര്‍വ സാധാരണമാണ്.ഈ മുത്വലാഖ് എന്ന കാടന്‍ നിയമം മൂലം സ്വന്തം ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളാണ് ഇതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സഹായിച്ചത്. മുത്വലാഖ് കുറിക്കപ്പെട്ട ഒരു കുറിപ്പ് കയ്യില്‍ കിട്ടിയപ്പോഴാണ് അതിന്റെ ആഴമെന്തെന്ന് മനസ്സിലായത്.ഞാനടക്കം ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം വഴിയാധാരമാക്കിയതും ഇതേ മുത്വലാഖ് എന്ന ദുര്‍ഭൂതമാണ്.എനിക്കുണ്ടായിരുന്ന വിദ്യഭ്യാസവും പ്രതികരണശേഷിയും തച്ചുടക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ അലിഖിത നിയമം.വളച്ചൊടിക്കപ്പെടുന്ന ഓരോ നിയമവും നഷ്ടപ്പെടുത്തുന്നത് നിഷ്‌കളങ്കരായ ഒരുപാട് പേരുടെ ജീവിതമാണ്.ഇക്കഴിഞ്ഞൊരു പെരുന്നാളില്‍ പുത്തനുടുപ്പിട്ട് സ്വന്തം പിതാവിന്റെ ഇടവും വലവും നിന്ന് ആഘോഷിക്കേണ്ട എന്റെ മക്കള്‍ പകരം മറ്റാരുടെയോ മക്കളുടെ കൂടെയുള്ളൊരു പിതാവിന്റെ ചിത്രം കണ്ട് കരഞ്ഞതും പെരുന്നാള്‍ ആഘോഷിക്കാതിരിന്നതുമടക്കം ഒട്ടനവധി വേദനകള്‍ സമ്മാനിച്ചതും ഇതേ മുത്വലാഖാണ്.എന്റെ അനുഭവം ഒറ്റപ്പെട്ടതല്ല,സമാനമായ അനുഭവങ്ങളുള്ള ഒട്ടനവധി സ്ത്രീകള്‍ പ്രതികരിക്കാന്‍ പോലും കഴിയാതെ വേദനകള്‍ ഉള്ളിലൊതുക്കി കഴിയുന്നുണ്ട്.ഇനിയുമൊട്ടേറെപേര്‍ക്കായി വളച്ചൊടിക്കപ്പെട്ട ഈ നിയമം താളുകളില്‍ കുറിക്കപ്പെടുന്നുണ്ടാകാം.ഇത്തിരി മഷി ബാക്കി വന്നൊരു പേനയും പാതികീറിയ പേപ്പറും ഇനിയും ഒരുപാട് പേരുടെ ജീവിതം തകര്‍ത്തേക്കാം.അത് കൊണ്ട് തന്നെ ചര്‍ച്ചകള്‍ നടക്കേണ്ടത് വക്രീകരിക്കപ്പെട്ട ഈ നിയമത്തിന്റെ സാധൂകരണത്തിന് വേണ്ടിയല്ല, മറിച്ച് സമൂഹത്തില്‍ നിന്ന് എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള ചര്‍ച്ചകളാണ് നടക്കേണ്ടത്.അത്ര ലളിതമായി ഈയൊരു ആചാരം വായുവിലിങ്ങനെ കറങ്ങി നടക്കാനുള്ള സാഹചര്യം ഇനിയുണ്ടാകരുത്.നീതി എല്ലാവര്ക്കും തുല്യമാണ്.അതിനെയാണ് നീതി എന്ന് വിളിക്കുന്നതും.അത് കൊണ്ട് തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഈ മുത്വലാഖിനെ...


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.