Latest News

അസാധുവായ നോട്ടിനു പകരം പുത്തന്‍ നോട്ട്: അഞ്ചുപേര്‍ അറസ്റ്റില്‍, ആറുലക്ഷം പുതിയ നോട്ട് പിടിച്ചു

കാസര്‍കോട്:[www.malabarflash.com] അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്കു പകരം പുത്തന്‍ 2000 രൂപയുടെ നോട്ട് നല്‍കുന്ന സംഘം അറസ്റ്റില്‍. ആറുലക്ഷത്തിന്റെ പുതിയ രണ്ടായിരത്തിന്റെ നോട്ടുകളുമായി അഞ്ചംഗസംഘത്തെ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.

നീലേശ്വരം നെടുങ്കണ്ട റംല മന്‍സില്‍ പി.ഹാരിസ് (39), നീലേശ്വരം തെരു സീനത്ത് മന്‍സില്‍ പി.നിസാര്‍ (42), സഹോദരന്‍ എം.നൗഷാദ് (39), നീലേശ്വരം ചിറമ്മലിലെ സി.എച്ച്.സിദ്ദിഖ് (39), പാലക്കുന്ന് അങ്കക്കളരിയിലെ മുഹമ്മദ് ഷെഫീഖ് (വടകര ഷെഫീഖ് -30) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

വേഷം മാറിയെത്തിയ പോലീസ് സംഘം നോട്ടുമാറാനെന്ന വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. ഇത്തരത്തില്‍ നോട്ട് മാറിക്കൊടുക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘത്തെ സമീപിച്ചത്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കാറില്‍ ആറുലക്ഷം രൂപയുമായി എത്തിയപ്പോഴാണ് തടഞ്ഞ് പിടികൂടിയത്. എന്നാല്‍ ബാങ്കില്‍നിന്ന് ആഴ്ചയില്‍ ഒരുപ്രാവശ്യം ചെക്കുവഴി 24,000 രൂപ മാത്രം പിന്‍വലിക്കാമെന്ന കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കെയാണ് ഈ സംഭവം.

2,000 രൂപ മാത്രമാണ് ബാങ്കുകളില്‍നിന്ന് ഒരാള്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നത്. ഇവര്‍ക്ക് ഇത്രയും വലിയ തുകയ്ക്ക് പുതിയ 2,000 രൂപ നോട്ടുകള്‍ എങ്ങനെ ലഭിച്ചു എന്ന കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇവര്‍ക്ക് പണം നല്‍കിയെന്ന് പറയപ്പെടുന്ന കാഞ്ഞങ്ങാട്ടെ പഴം വ്യാപാരിയെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിടിയിലായ നിസാര്‍ പ്രവാസിയും ഹാരിസ് മീന്‍ലോറി ഡ്രൈവറും നൗഷാദും നിസാറും ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളും സിദ്ദിഖ് തട്ടുകടക്കാരനും ഷെഫിഖ് വാഹന ബ്രോക്കറുമാണെന്ന് പോലീസ് പറഞ്ഞു. അനധികൃതമായി പണം പിടികൂടിയ സംഭവത്തെക്കുറിച്ച് കോടതിയിലും ആദായനികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

എ.എസ്.ഐ.മാരായ മോഹനന്‍ കിന്നിംഗാര്‍, സി.കെ.ബാലകൃഷണന്‍, സിവില്‍പൊലീസ് ഓഫിസര്‍മാരായ തോമസ്, ഓസ്റ്റിന്‍തമ്പി, കെ.ധനേഷ്, ടി.എ.രജീഷ്, എം.ഗോകുല്‍, കെ.രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.