Latest News

സര്‍ക്കാരിന്റ ജനപക്ഷനയങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണം -അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

കാസര്‍കോട്:[www.malabarflash.com] എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ജനപക്ഷ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഉപകാര പ്രദമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ പരിശ്രമിക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. 

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ ഇ ജെ ഫ്രാന്‍സിസ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൊതു സമൂഹത്തോടും പാവപ്പെട്ട ജനങ്ങളോടും ഉത്തരവാദിത്വത്തോടെ സര്‍ക്കാര്‍ ജീവനക്കാര്‍ പെരുമാറണമെന്നും അതിലൂടെ മാത്രമേ ജീവനക്കാര്‍ക്ക് അംഗീകാരം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന സേവനം ചുരുങ്ങി സമയത്തിനുള്ളില്‍ നടത്തി കൊടുക്കണണം, നടപ്പാക്കാന്‍ സാധിക്കാത്തതാണെങ്കില്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ. അതിലുടെ കോടീശ്വരന്‍മാരുടെ വളര്‍ച്ചയില്‍ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടാനാണ് അവരുടെ ശ്രമം. സാധാരണക്കാര്‍ക്കുള്ള സബ്‌സിഡികള്‍ എടുത്ത് കളഞ്ഞ് അവരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 

വന്‍കിടമുതലാളിമാരെ സംരക്ഷിക്കാന്‍ നികുതിയിളവുകള്‍ പ്രഖ്യാപിക്കുകയാണ്. രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി നട്ടംതിരിയുന്ന ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും കൂട്ടായ സമരത്തിന്റെ പാതയിലാണ്. ജനദ്രോഹ സമീപനത്തിനെതിരെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ശക്തി പകരാന്‍ ജോയിന്റ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. 

സംഘാടക സമിതി ചെയര്‍മാന്‍ ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍, സി പി ഐ ജില്ലാ കൗണ്‍സിലംഗം പി എ നായര്‍, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എസ് എന്‍ പ്രമോദ് സ്വാഗതവും കെ കരുണാകരന്‍ നന്ദിയും പറഞ്ഞു. 

പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. ഭുവനേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ആര്‍. മനോജ് വരവ് ചെലവ് കണക്കും എം വി ഭവാനി രക്തസാക്ഷി പ്രമേയവും ഗീത കെ എസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 

സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രവീന്ദ്രന്‍, സംസ്ഥാന കമ്മറ്റിയംഗം നരേഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം എന്‍ മണിരാജ്, വനിതാ കമ്മറ്റി സംസ്ഥാന കമ്മറ്റി ട്രഷറര്‍ കെ എം സരോജിനി, സി എസ് അജിത, ഇ മനോജ് കുമാര്‍ , ദിവാകരന്‍ പി എന്നിവര്‍ സംസാരിച്ചു. 

സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് സമ്മാനം കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എ നായര്‍ വിതരണം ചെയ്തു. കവിതാ രചനാ മത്സരത്തില്‍ ജി എച്ച് എസ് എസ് ബേത്തൂര്‍ പാറയിലെ ബി ജു ജോസഫ് ഒന്നാം സ്ഥാനവും ബേഡടുക്ക വി ഇഒ സുനിത ഇ രണ്ടാം സ്ഥാനവും നേടി. കഥാരചനയില്‍ അജാനൂര്‍ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് ഷാജഹാന്‍ ഒന്നാം സ്ഥാനവും മടിക്കൈ പി എച്ച് സിയിലെ പ്രസാദ് കണ്ണോത്ത് രണ്ടാം സ്ഥാനവും നേടി. ലേഖന മത്സരത്തില്‍ കാഞ്ഞങ്ങാട് ബി ആര്‍സിയിലെ പി രാജഗോപാലന്‍ ഒന്നാം സ്ഥാനവും വൊര്‍ക്കാടി കൃഷി അസിസ്റ്റന്റ് കെ വി രാധാകൃഷ്ണന്‍ രണ്ടാം സ്ഥാനവും നേടി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.