Latest News

വിവാഹ ആവശ്യം: പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആര്‍ബിഐ പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി:[www.malabarflash.com] വിവാഹ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറപ്പെടുവിച്ചു. 

പിന്‍വലിക്കുന്ന പണം ആര്‍ക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കണം. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് ബോധ്യപ്പെടുത്തണം. ഇതിനായി പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കുകയും വേണം. അടുത്തമാസം 30ന് മുന്‍പുള്ള വിവാഹങ്ങള്‍ക്ക് മാത്രമാണ് ഇളവെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നു 2.5 ലക്ഷം രൂപ പിന്‍വലിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.

500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ ശേഷം നവംബര്‍ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യമുള്ള പഴയ നോട്ടുകള്‍ വിവിധ ബാങ്കുകള്‍ വഴി ജനങ്ങള്‍ മാറ്റിവാങ്ങിയെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 1,03,316 കോടി രൂപയാണ് എടിഎം കൗണ്ടറുകള്‍ വഴിയും അക്കൗണ്ടുകള്‍ വഴിയും ബാങ്കുകള്‍ നവംബര്‍ 10 മുതല്‍ 18 വരെ വിതരണം ചെയ്തതെന്നും ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനും നിക്ഷേപിക്കാനും നിയന്ത്രണങ്ങളോടെ ആര്‍ബിഐ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 5,44,571 കോടി രൂപയാണ് ഇങ്ങനെ ബാങ്കുകളിലേക്ക് എത്തിയത്. ഇതില്‍ 33,006 കോടി രൂപ പഴയ നോട്ടുകള്‍ മാറ്റിവാങ്ങിയതും 5,11,565 കോടി രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതുമാണ്.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ ദിവസങ്ങളോളം ജനങ്ങളുടെ നീണ്ട നിരയായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടതോടെ ഇതില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. ആദ്യഘട്ടത്തിലുണ്ടായിരുന്ന പല നിയന്ത്രണങ്ങളിലും റിസര്‍വ് ബാങ്ക് ഇളവുകള്‍ നല്‍കുന്നുണ്ട്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.