Latest News

മണ്ഡല മഹോത്സവത്തിനു ശബരിമലക്ഷേത്രം ചൊവ്വാഴ്ച തുറക്കും

ശബരിമല:[www.malabarflash.com] മണ്ഡലമഹോത്സവത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് മേൽശാന്തി എസ്.ഇ.ശങ്കരൻ നമ്പൂതിരി തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നടതുറന്ന് ദീപം തെളിക്കും. 
തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴി തെളിക്കും. അയ്യപ്പദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്‌തർ ഇതോടെ പതിനെട്ടാംപടി ചവിട്ടും.

സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ അവരോധ ചടങ്ങുകൾ വൈകുന്നേരം ആറോടെ ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് അവരോധചടങ്ങുകൾ. ശബരിമല മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്‌ഥാനാരോഹണം സന്നിധാനത്തു നടക്കും. അവരോധചടങ്ങുകൾക്കുശേഷം തന്ത്രി പുതിയ മേൽശാന്തിയെ ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി മൂലമന്ത്രം ഓതിക്കൊടുക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിൽ പുതിയ മേൽശാന്തി എം.ഇ. മനുനമ്പൂതിരിയുടെ സ്‌ഥാനാരോഹണം നടക്കും. മണ്ഡലവ്രതാരംഭത്തിനു തുടക്കം കുറിച്ച് ബുധനാഴ്ച പുലർച്ചെ നട തുറക്കുന്നതും പുതിയ മേൽശാന്തിമാരാണ്.

മണ്ഡല മഹോത്സവത്തിന് നടതുറക്കുമ്പോൾ അയ്യപ്പദർശനത്തിനായി തീർഥാടകർ പമ്പയിൽ വിരിവച്ചു തുടങ്ങിയിട്ടുണ്ട്. ഇവരെ ഇന്ന് ഉച്ചകഴിയുന്നതോടെ സന്നിധാനത്തേക്കു കടത്തിവിട്ടു തുടങ്ങും. ഡിസംബർ 26നാണ് മണ്ഡലപൂജ. ജനുവരി 14ന്ാണ് മകരവിളക്ക്. ജനുവരി 20വരെ നീളുന്നതാണ് തീർഥാടനകാലം.

തീർഥാടകരെ വരവേൽക്കാനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയിലും സന്നിധാനത്തും ചെയ്തിരിക്കുന്നത്. കുടിവെള്ളം, അന്നദാനം തുടങ്ങിയ ക്രമീകരണങ്ങൾക്കാണ് ദേവസ്വം ബോർഡ് പ്രാധാന്യം നൽകിയിരിക്കുന്നത്. കുപ്പിവെള്ളം നിരോധിച്ചിരിക്കുന്നതിനാൽ ശുദ്ധജലവിതരണത്തിനായി ജലഅഥോറിറ്റി കൂടുതൽ കിയോസ്ക്കുകളും പൈപ്പുകളും സ്‌ഥാപിച്ചിട്ടുണ്ട്.

സന്നിധാനത്ത് പ്രതിദിനം ഒരുലക്ഷം ആളുകൾക്ക് അന്നദാനത്തിനുള്ള സൗകര്യം ദേവസ്വം ബോർഡ് ചെയ്തിട്ടുണ്ട്.. ഭക്‌തർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനാവശ്യമായ സ്റ്റീൽ ഡെസ്കുകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. 5000 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും സന്നിധാനത്ത് സജ്‌ജീകരിച്ചു. പുതിയ അന്നദാനമണ്ഡ പത്തിന്റെ പാലുകാച്ചൽ ചൊവ്വാഴ്ച രാവിലെ ഏഴിന് നടക്കും.

പതിനെട്ടാംപടിക്ക് താഴെയുള്ള ആഴി കേടുപാടുകൾ തീർത്ത് പുനർനിർമിച്ചു. പതിനെട്ടാംപടിക്ക് താഴെ നാളികേരം ഉടയ്ക്കാൻ വേണ്ടി പ്രത്യേക സൗകര്യവും ഇക്കുറി ഒരുക്കിയിട്ടുണ്ട്. നെയ്യഭിഷേകത്തിനായി കാത്തുനിൽക്കുന്ന തീർഥാടകർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും സജ്‌ജമാക്കിയിട്ടുണ്ട്. ഇരുമുടിക്കെട്ടില്ലാതെ വടക്കേനടവഴി ദർശനത്തിനെത്തുന്ന ഭക്‌തർക്ക് മഴയും വെയിലും കൊള്ളാതെ കാത്തുനിൽക്കുന്നതിനുള്ള സൗകര്യവും ഇക്കുറി ഒരുക്കിയിട്ടുണ്ട്. പോലീസ് ബാരക്കിന് സമീപം ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി.

പമ്പയിൽ ഗണപതി അമ്പലത്തിന് സമീപം കെട്ടുനിറയ്ക്കുന്നതിനുള്ള പുതിയ മണ്ഡപത്തിന്റെ ഉദ്ഘാടവും ചൊവ്വാഴ്ച നടക്കും.

പമ്പയിലെ പുതിയ അന്നദാന മണ്ഡപവും പൂർത്തീകരിച്ചു. പ്രധാന ഇടത്താവളമായ നിലയ്ക്കലിലെ ക്രമീകരണങ്ങളും വിപുലീകരിച്ചു. പുതിയ ഹെലിപ്പാഡ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. കെഎസ്ആർടിസി പാർക്കിംഗിനും മറ്റുമായി പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ട്.

തീർഥാടനകാലത്തോടനുബന്ധിച്ച പോലീസ് സുരക്ഷാ ക്രമീകരണങ്ങളും ശക്‌തമാക്കി. സംസ്‌ഥാന പോലീസിനെ കൂടാതെ കേന്ദ്രസേനയുടെ സേവനവും ശബരിമലയിലുണ്ടാകും. എഡിജിപി നിതിൻ അഗർവാളാണ് പോലീസ് ചീഫ് കോ ഓർഡിനേറ്റർ. സന്നിധാനത്തും പമ്പയിലും ഓരോ ഐപിഎസ് ഉദ്യോഗസ്‌ഥരുടെ ചുമതലയിൽ പോലീസ് സേന പ്രവർത്തിക്കും.

ആദ്യഘട്ടത്തിൽ എറണാകുളം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.അരുൾ ആർ.ബി. കൃഷ്ണ സന്നിധാനത്തും തൃശൂർ കെഎപി ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ജി. സുനിൽ കുമാർ പമ്പയിലും സ്പെഷൽ ഓഫീസറാകും. തീർഥാടനകാലത്തെ നാലു ഘട്ടങ്ങളിലായി വേർതിരിച്ചാണ് പോലീസ് പ്രവർത്തനം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ലെയ്സൺ ഓഫീസറായി പ്രവർത്തിക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.