Latest News

സ്‌കൂളിന്റെ മറവില്‍ നിലം നികത്തുന്നത് തടഞ്ഞു: രണ്ട് ജെ.സി.ബികള്‍ പിടികൂടി

തൃക്കരിപ്പൂർ:[www.malabarflash.com] ആയിറ്റിയിലെ പീസ് സ്‌കൂളിന്റെ മറവിൽ മണ്ണെടുത്ത് ചതുപ്പ് നിലം നികത്തുന്ന പ്രവൃത്തി റവന്യു ഉദ്യോഗസ്ഥർ തടഞ്ഞു. പൂഴി മണൽ കുഴിച്ചെടുക്കാൻ കൊണ്ടുവന്ന രണ്ടു ജെ. സി. ബികൾ കസ്റ്റഡിയിലെടുത്തു. 

വടക്കെ തൃക്കരിപ്പൂർ വിലേജ് ഓഫീസർ ഇ. വി. വിനോദിന്റെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥരാണ് നാളുകളായി തുടരുന്ന മണലെടുപ്പ് തടഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

അതിനിടെ അനധികൃതമായി മണലെടുക്കുന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ സമരത്തിലുള്ള ടിപ്പർ തൊഴിലാളികൾ ജെ.സി. ബി ഉപയോഗിച്ചുള്ള മണ്ണെടുപ്പ് തടയാൻ വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റവന്യു ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. 

അതിനുശേഷം ഉദിനൂർ വില്ലേജ് ഓഫിസിൽ എത്തിയ ടിപ്പർ തൊഴിലാളികൾ അവിടെ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ജില്ലാ കളക്ടറെ ഫോണിൽ വിളിച്ചു പരാതി നൽകി. ഇതേ തുടർന്ന് കാസർകോട് എ ഡി എമ്മും ഹൊസ്ദുർഗ് തഹസിൽദാരും നിർദ്ദേശിച്ചത് അനുസരിച്ചാണ് വടക്കേ തൃക്കരിപ്പൂർ വില്ലേജ് ഓഫീസർ വിനോദും വില്ലേജ് അസിസ്റ്റന്റ് സന്തോഷും സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. 

സ്‌കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അറുപത് സെന്റോളം വരുന്ന ചതുപ്പ് നിലം നികത്തി മൈതാനം നിർമ്മിക്കാണാനായിരുന്നു പരിപാടി. പുഴയോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലത്തു നിന്നും നല്ല പൂഴിമണൽ കുഴിച്ചെടുക്കാൻ കഴിയും. ജെ. സി.ബി ഉപയോഗിച്ച് അനധികൃതമായി പൂഴി മണൽ കുഴിച്ചെടുത്ത് ഗ്രൗണ്ട് നിർമ്മിച്ച് വരികയായിരുന്നു. 

ടയറിൽ കാറ്റില്ലാത്തതിനാൽ ജെ. സി. ബി.സ്ഥലത്തു നിന്നും കൊണ്ടുവരാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. നികത്തിയ സ്ഥലം അളന്നു തിട്ടപ്പെടുത്തിയ വില്ലേജ് ഓഫിസർ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. 

സ്‌കൂൾ സ്ഥലത്തു നിന്നും കുറെ നാളുകളായി അനധികൃതമായി മണലെടുപ്പ് നടത്തിവരുന്നുണ്ട്. പിറകുവശത്തായതിനാൽ ഇതുവരെയും ഇക്കാര്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.