Latest News

യൂസഫലിയെ നയിച്ച മൂന്നു ഉപദേശങ്ങള്‍: പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങി

ന്യൂയോര്‍ക്ക്:[www.malabarflash.com] ചരിത്രത്തില്‍ ഒരു മലയാളിക്കും ആര്‍ജ്ജിക്കാനാവാത്ത സമ്പത്തിന്റെ ഉടമയായ പത്മശ്രീ ഡോ. എം.എ. യൂസഫലി, പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ മൂന്നു കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. 

ഇന്ത്യയിലെ അതിസമ്പന്നരില്‍ ഇരുപത്തിനാലാം സ്ഥാനവും, ലോകത്തില്‍ ഇരുനൂറ്റി എഴുപതാം (270) സ്ഥാനവുമുള്ള യൂസഫലി ഉയര്‍ച്ചയുടെ പടവുകള്‍ കയറിയതിന്റെ പിന്നിലെ തത്വചിന്തയുടെ മിന്നലാട്ടവും അതിലടങ്ങിയിരിക്കുന്നു.

തൃശൂരിനടുത്ത നാട്ടികയുടെ പേര് ചക്രവാളസീമയ്ക്കുമപ്പുറത്ത് എത്തിച്ച യൂസഫലിയെ ചെറുപ്പത്തില്‍ വളര്‍ത്തിയത് മുത്തച്ഛനായിരുന്നു. അദ്ദേഹമാണ് മൂന്നു കാര്യങ്ങള്‍ പറഞ്ഞു കൊടുത്തത്. എത്ര വലുതായാലും മറ്റുള്ളവര്‍ ചെറുതാണ് എന്നു വിചാരിക്കരുത് എന്നതായിരുന്നു ആദ്യത്തേത്. അങ്ങനെ വിചാരിക്കാന്‍ തുടങ്ങിയാല്‍ അന്ന് നിന്റെ അധോഗതി ആരംഭിക്കും. ആരുടെ മുന്നിലും വിനയാന്വിതമായി നില്‍ക്കാന്‍ മടിക്കാത്ത യൂസഫലി അത് അക്ഷരംപ്രതി പാലിക്കുന്നു.

അര്‍ഹതയില്ലാതെ മറ്റുള്ളവരുടെ ഒരു രൂപ പോലും തിന്നരുത്. കബളിപ്പിച്ചോ, തട്ടിച്ചോ ഒരു രൂപ പോലും ഉണ്ടാക്കരുത്. എനിക്ക് കബറില്‍ സമാധാനമായി കിടക്കാനുള്ളതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഉപദേശം.

അശരണരും സഹായം അര്‍ഹിക്കുന്നവരുമായവരെ സഹായിക്കാന്‍ മടികാട്ടരുതെന്നായിരുന്നു മൂന്നാമത്തേത്. അങ്ങനെ ചെയ്താല്‍ കബറില്‍ കിടക്കുമ്പോള്‍ തനിക്ക് സമാധാനം കിട്ടുമെന്നു പിതാമഹന്‍ പറഞ്ഞു.

പലപ്പോഴും തന്റെ വിജയരഹസ്യം പലരും ചോദിക്കാറുണ്ട്. ഈ ചിന്തകളാണ് താന്‍ പങ്കുവെയ്ക്കാറ്. അതു പോലെകഠിനാധ്വാനവും മറക്കുന്നില്ല.

ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ ഇവിടുത്തെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം. ഈ രാജ്യമാണ് നമ്മുടെ ബ്രഡ്ഡും ബട്ടറും എന്നതു മറക്കരുത്. ഈ രാജ്യത്തിനു നന്മയുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

പരസ്പരമുള്ള സൗഹൃദവും സ്‌നേഹവും കാക്കുകയും, മലയാള ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള കടമയും പ്രവാസികള്‍ക്കുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ കേരളത്തിലേക്ക് മടങ്ങിപ്പോകാന്‍ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ തലമുറ കഴിഞ്ഞാല്‍ പിന്നെ കേരളത്തെ മറക്കുന്ന സ്ഥിതി വരരുത്. നാട്ടില്‍ ഇത്രയ്ക്ക് സൗകര്യമില്ലായിരിക്കാം. പക്ഷെ ഇടയ്ക്കിടെ അവരെ കേരളത്തില്‍ കൊണ്ടുവരണം. നമ്മുടെ മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും കാണിച്ചുകൊടുക്കുകയും വേണം.

കേരളത്തിന്റെ മനോഹാരിത അവര്‍ കാണട്ടെ. 'എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെ പൂമരങ്ങള്‍....' എന്ന ചന്മ്ഗമ്പുഴയുടെ പദ്യശകലവും അദ്ദേഹം ചൊല്ലി.

കേരളത്തില്‍ പോരായ്മകളുണ്ട്. എന്നാലുംഅത് നമ്മുടെ നാടാണ്. കേരളത്തിന്റെ ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ നമുക്ക് കടമയുണ്ട്. ഒരു പങ്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കണം. അതു തിരിച്ചു കിട്ടുന്നതാണോ എന്ന് ഉറപ്പുവരുത്തുകയും വേണം അദ്ദേഹം പറഞ്ഞു.

പ്രവാസി ചാനല്‍ സാരഥികളായ ജോൺ ടൈറ്റസ്, വർക്കി എബ്രഹാം, ബേബി ഊരാളിൽ, സുനിൽ ട്രൈസ്റ്റാർ, ജോർജ് നെടിയകാലയിൽ, ഫൊക്കാന ഫോമ പ്രസിഡന്റുമാരുടെയും സാന്നിധ്യത്തിൽ മന്‍ഹാട്ടനിലെ ലോക പ്രശസ്തമായ റഷ്യന്‍ ടീ റൂമിലെ അഭിജാത സദസിനെയുംസാക്ഷിനിര്‍ത്തി മന്‍ഹാട്ടന്‍ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ കെന്‍ ബെവരാജ്‌ 'മലയാളി മാന്‍ ഓഫ് ദി ഇയര്‍' എം.എ.യൂസഫലിക്ക് അവാര്‍ഡ് സമ്മാനിച്ചു.

ചടങ്ങില്‍ വച്ച് നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് ന്യൂജേഴ്‌സിയിലെ പ്രമുഖ വ്യവസായി ദിലീപ് വെര്‍ഗീസിനു യൂസഫലി സമ്മാനിച്ചു. അസറ്റ് ഹോം ഫൗണ്ടര്‍ സുനില്‍ കുമാറിനു 'എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ എന്നിവര്‍ക്കും, മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഡോ. കൃഷ്ണകിഷോറിനും (ഏഷ്യാനെറ്റ്) സമ്മാനിച്ചു.

പ്രവാസി ചാനല്‍ പ്രസിഡന്റ്ബേബി ഊരാളില്‍ എല്ലാവരേയും സ്വാഗതം ചെയ്തു. കൂടുതല്‍ വലിയ സദസിനു മുന്നില്‍ പരിപാടി നടത്താനിരുന്നതാണെന്നും എന്നാല്‍ യൂസഫലിയുടെ അസൗകര്യം മൂലം വേദി മന്‍ഹാട്ടനിലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ചാനലും യുണൈറ്റഡ് മീഡിയയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. നാട്ടിലെ ചാനലുകളുടെ വിതരണത്തിനു പുറമെ അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിലൂടെ മലയാളികളെ പരസ്പരം ബന്ധപ്പെടുത്താനും കലയ്ക്കും സംസ്‌കാരത്തിനുംവേണ്ടി ഒന്നിക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കോണ്‍സല്‍ ദേവദാസന്‍ നായര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി ചാനല്‍ പാര്‍ട്ട്ണര്‍ ജോണ്‍ ടൈറ്റസിന്റെ പ്രസംഗത്തില്‍ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സിയാറ്റിലില്‍ നിന്നു മത്സരിക്കുന്ന പ്രമീള ജയപാല്‍ മേനോന്‍ കോണ്‍ഗ്രസിലേക്ക് വിജയിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

ചാനലിന്റെ ജോലിക്കാര്‍ക്കും അതുമായി സഹകരിക്കുന്നവര്‍ക്കും ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം നന്ദി പറഞ്ഞു. പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ െ്രെടസ്റ്റാര്‍ അമേരിക്കന്‍ മലയാളി സമൂഹം നല്‍കുന്ന സഹകരണത്തിന് നന്ദി പറഞ്ഞു. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ചെയ്തു. ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോയി നെടിയകാലാ തുടങ്ങിയവരും പങ്കെടുത്തു.

തന്റെ സ്വദേശമായ കാഞ്ഞാണിക്കടുത്തുള്ള നാട്ടിക സ്വദേശിയായ യൂസഫലിയില്‍ നിന്നും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ദിലീപ് വര്‍ഗീസ് പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അമ്പരപ്പാണ് തോന്നിയത്. ഇതു മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു. ശ്രീധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, മിത്രാസ് രാജന്‍, ജിബി തോമസ്, ആനി ലിബു തുടങ്ങിയ സുഹൃത്തുക്കളേയും അദ്ദേഹം അനുസ്മരിച്ചു.

75 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന്റെ ചെയര്‍മാന്‍ സുനില്‍കുമാര്‍ കെന്‍ ബെവരാജിൽ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി. കേരളത്തില്‍ വിശ്വാസ്യതയുടെ പര്യായമാണ് അസറ്റ് ഹോംസ് എന്ന് ലഭിച്ച അവാര്‍ഡുകളും സാക്ഷ്യപത്രങ്ങളും തെളിയിക്കുന്നു.

പ്രവീണ മേനോന്‍ ആയിരുന്നു എം.സി , ഫാന്‍സിമോള്‍ പള്ളാത്തുമഠം വർക്കി അബ്രഹാമിനെ സദസ്സിനു പരിചയപ്പെടുത്തി. ആനി ലിബു പ്രോഗ്രാമിന്റെ കോ ഓർഡിനേറ്റർ ആയിരുന്നു. അനിതാ കൃഷ്ണ ഗാനങ്ങളാലപിച്ചു.







Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.