Latest News

എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ കോഴിക്കോട്-റിയാദ് സര്‍വീസ് ആരംഭിച്ചു

കരിപ്പൂര്‍:[www.malabarflash.com] എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ റിയാദ് സര്‍വീസിന് വെള്ളിയാഴ്ച തുടക്കമായി. സര്‍വീസിലെ ആദ്യവിമാനം വെള്ളിയാഴ്ച രാവിലെ 9.05-നാണ് കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. 
180 യാത്രക്കാരാണ് കന്നിയാത്രയിലുണ്ടായിരുന്നത്. ആദ്യ യാത്രക്കാരനായ പാപ്പിനിശ്ശേരി സ്വദേശി മായിന്‍കുട്ടിക്ക് ബോര്‍ഡിങ് പാസ് നല്‍കി എയര്‍ ഇന്ത്യ എക്‌സ്​പ്രസ് സി.ഇ.ഒ കെ. ശ്യാം സുന്ദര്‍ സര്‍വീസ് ഉദ്ഘാടനംചെയ്തു.

ക്യാപ്റ്റന്‍ സാരംഗ്, സി. സാല്‍വേ എന്നിവരായിരുന്നു വിമാനം നിയന്ത്രിച്ചത്. രമ്യമോള്‍, എം.എസ്. ആര്‍ച്ച്, നിമിഷ പ്രസാദ് എന്നിവരായിരുന്നു വിമാന ജീവനക്കാര്‍.

ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി സര്‍വീസ് ക്രമീകരിക്കാനാണ് സൗദി സര്‍ക്കാര്‍ എയര്‍ ഇന്ത്യ എക്‌സ്​പ്രസിന് അനുമതിനല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഐ.എക്‌സ് 321 നമ്പര്‍ വിമാനം ആഴ്ചയില്‍ നാലുദിവസം രാവിലെ 9.15ന് കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് പുറപ്പെടും. ഇതേവിമാനം ഐ.എക്‌സ് 322 നമ്പരില്‍ രാത്രി 8.45ന് കോഴിക്കോട്ട് മടങ്ങിയെത്തും. 189 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിങ് 737-800 എന്‍.ജി ഇനം വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.

നിലവില്‍ 20 കിലോ ബാഗേജ് മാത്രമേ യാത്രക്കാര്‍ക്ക് അനുവദിക്കൂ. 2015 മേയ് മാസത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് സൗദിയിലേക്കുള്ള സര്‍വീസുകള്‍ താറുമാറായത്. നിലവില്‍ കോഴിക്കോട്ടുനിന്ന് സൗദിയിലെ ദമാമിലേക്ക് മാത്രമാണ് വിമാനസര്‍വീസുള്ളത്. വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട്ട് അനുമതി ലഭിക്കുന്നതുവരെ ചെറിയ വിമാനത്തിന്റെ സര്‍വീസ് തുടരാനാണ് പദ്ധതി.

യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് സര്‍വീസിന് ലഭിച്ചിരിക്കുന്നത്. റിയാദില്‍നിന്ന് ജിദ്ദയുള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കുമെന്നതാണ് സര്‍വീസിന്റെ പ്രധാന ആകര്‍ഷണം.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.