Latest News

അഞ്ചേരി ബേബി വധം: എം.എം മണിയുടെ വിടുതല്‍ഹര്‍ജി തള്ളി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി പ്രതിയായി തുടരും. കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജ്ജി തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി തള്ളി. നിലവില്‍ കേസില്‍ രണ്ടാം പ്രതിയാണ് എം എം മണി.[www.malabarflash.com]

എം.എം മണി ഉള്‍പ്പെടെയുള്ളവരെ പ്രതിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു വിടുതല്‍ ഹര്‍ജ്ജി. അതോടൊപ്പം, സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രനെയും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി എ. കെ ദാമോദരനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജ്ജിയും കോടതിയ്ക്കു മുന്നിലെത്തിയിരുന്നു. രണ്ടു ഹര്‍ജികളും ഒരുമിച്ചാണ്  കോടതി പരിഗണിച്ചത്. രണ്ടിലും പ്രോസിക്യൂഷന് അനുകൂലമായ നിലപാടാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രനെയും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി എ. കെ ദാമോദരനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. മണിയെ കൂടാതെ പാമ്പുപാറ കുട്ടന്‍, ഒ.ജി.മദനന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതേകേസില്‍ പ്രതികളായിരുന്ന ഒമ്പതുപേരെയും മുമ്പ് വെറുതെ വിട്ടതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.

1982 നവംബര്‍ പതിമൂന്നാംതിയ്യതിയാണ് അഞ്ചേരി ബേബി വധിക്കപ്പെട്ടത്. 2012 മെയ് 25ന് മണക്കാട്ടുെവച്ച് എം.എം.മണി നടത്തിയ വിവാദപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കേസ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ എം.എം.മണി ഉള്‍െപ്പടെ മൂന്നുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.

1982 ഒക്ടോബര്‍ 14ന് രാത്രി രാജാക്കാട് സി.പി.എം.ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന ഗൂഢാലോചനയില്‍ കെ.കെ.ജയചന്ദ്രനും എം.എം.മണിയും എ.കെ.ദാമോദരനും വി.എം.ജോസഫും ഉണ്ടായിരുന്നതായി മുന്‍ സി.പി.എം.ലോക്കല്‍ സെക്രട്ടറി മോഹന്‍ദാസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മജിസ്ട്രേട്ടിനും മൊഴി നല്‍കിയിരുന്നു. എന്നാല്‍, എം.എല്‍.എ.യായിരുന്ന കെ.കെ.ജയചന്ദ്രനെതിരെയുള്‍പ്പെടെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ എം.എം മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മറ്റ് കേസുകളില്‍നിന്ന് വ്യത്യസ്തമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണക്കാട് പ്രസംഗത്തിനിടെ നടത്തിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ഉള്ളതാണ് കേസെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.