Latest News

അന്യമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; ഏഴ് പേര്‍ പിടിയില്‍

മാവേലിക്കര: മകളെ പ്രണയിച്ച്‌ വിവാഹം ചെയ്‌ത യുവാവിനെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ്‌ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്‌റ്റില്‍. കാറിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെ കൂടി പിടികിട്ടാനുണ്ടെന്ന്‌ പോലീസ്‌. കൃത്യത്തിനുപയോഗിച്ച ഇന്നോവ കാര്‍ കഴിഞ്ഞ ദിവസം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

കാറിന്റെ ഉടമസ്‌ഥനും പെണ്‍കുട്ടിയുടെ പിതാവുമായ ആദിക്കാട്ടുകുളങ്ങര തയ്യില്‍ വീട്ടില്‍ സലീം(53), സഹോദരന്‍ ഷാജി(43), പഴകുളം പടിഞ്ഞാറ്‌മുറി എംബ്രയില്‍ തെക്കതില്‍ ഷെഫീക്ക്‌(25), അന്‍ഫല്‍(21), തടത്തില്‍ കിഴക്കതില്‍ ഷാനവാസ്‌(25), ആദിക്കാട്ടുകുളങ്ങര ഹനീഫാ ഭവനത്തില്‍ റംജു(38), പഴകുളം പടിഞ്ഞാറ്‌ മുറി ചരുവുകാല പുരയിടത്തില്‍ അന്‍ഷാദ്‌(21) എന്നിവരെയാണ്‌ മാവേലിക്കര സി.ഐ: പി.ശ്രീകുമാര്‍, നൂറനാട്‌ എസ്‌.ഐ: വി.ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്‌റ്റു
ചെയ്‌തത്‌. 

നൂറനാട്‌ പടനിലം നടുവിലേമുറി നീറ്റിക്കല്‍ പടിഞ്ഞാറെ പുരയില്‍ ചിഞ്ചിത്ത്‌(23), സുഹൃത്ത്‌ പടനിലം നെടുകുളഞ്ഞിമുറി ലക്ഷ്‌മീ ഭവനത്തില്‍ അജീഷ്‌(34) എന്നിവരെയാണ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.
ഗുരുതരമായി പരുക്കേറ്റ അജീഷ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ചിഞ്ചിത്ത്‌ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്‌.
സ്വകാര്യ ബസ്‌ ഡ്രൈവറായ ചിഞ്ചിത്ത്‌ ശനിയാഴ്‌ച രാത്രി 8.30 ഓടെ ഓട്ടം കഴിഞ്ഞ്‌ ബസ്‌ ഒന്നാംകുറ്റിയില്‍ കയറ്റിയിട്ട ശേഷം ബൈക്കില്‍ കറ്റാനത്ത്‌ എത്തി. കൂടെയുണ്ടായിരുന്ന കണ്ടക്‌ടറെ അവിടെ ഇറക്കി.
ഇന്നോവ കാറില്‍ ആരോ പിന്തുടരുന്നത്‌ മനസിലാക്കിയ ചിഞ്ചിത്ത്‌ സുഹൃത്ത്‌ അജീഷിനെ വിളിച്ച്‌ ഒപ്പം കൂട്ടിയായിരുന്നു വീട്ടിലേക്ക്‌ യാത്ര തുടര്‍ന്നത്‌.
വീടിനടുത്തുള്ള സ്‌ഥലമായ മുതുകാട്ടുകര എന്‍.എസ്‌.എസ്‌ കരയോഗ മന്ദിരത്തിനു സമീപം വച്ച്‌ വേഗതയിലെത്തിയ കാര്‍ ബൈക്ക്‌ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
ഇന്നോവ കാറില്‍ പിന്തുടര്‍ന്നവര്‍ അപകടമുണ്ടാക്കി തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന്‌ ചിഞ്ചിത്ത്‌ നൂറനാട്‌ പോലീസിന്‌ മൊഴി നല്‍കി.
സ്‌ഥലത്ത്‌ അന്വേഷണം നടത്തിയ പോലീസിന്‌ വാഹന നമ്പരും ഇന്നോവയുടേതെന്നു കരുതുന്ന ഭാഗങ്ങളും ലഭിച്ചു. ആദിക്കാട്ടുകുളങ്ങര സ്വദേശിനിയും ഇതര മതസ്‌ഥയുമായ പെണ്‍കുട്ടിയെ പ്രണിയിച്ച്‌ അടുത്തിടെ വിവാഹം ചെയ്‌തിരുന്നതായി ചിഞ്ചിത്ത്‌ മൊഴി നല്‍കിയിരുന്നു.
സംഭവത്തില്‍ കൊലപാതകശ്രമത്തിന്‌ കേസെടുത്ത്‌ പോലീസ്‌ അന്വേഷണം ആരംഭിക്കുകയും ഇന്നോവ കാര്‍ കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ സൈബര്‍ സെല്ലിന്റെ കൂടി സഹായത്താല്‍ പ്രതികളെ അറസ്‌റ്റു ചെയ്‌തത്‌.
ഒന്നാം പ്രതിയായ സലീമിന്റെ മകളെ അന്യമതസ്‌ഥനായ ചിഞ്ചിത്ത്‌ പ്രണയിച്ച്‌ വിളിച്ചു കൊണ്ടുപോയി വിവാഹം കഴിച്ചതിലുള്ള പകയാണ്‌ സംഭവത്തിനാധാരമെന്ന്‌ പോലീസ്‌ പറഞ്ഞു.
ഇതിനായി സഹോദരങ്ങളെയും അടുത്ത ബന്ധുക്കളെയും ചില സുഹൃത്തക്കളെയും കൂട്ടി ചിഞ്ചിത്തിനെ കൊലപ്പെടുത്തി അപകടമെന്ന്‌ വരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
അഡീ.എസ്‌.ഐ: രാജേന്ദ്രന്‍പിള്ള, സി.പി.ഒമാരായ രജീന്ദ്രദാസ്‌, ഉണ്ണിക്കൃഷ്‌ണപിള്ള, രാഹുല്‍, അബ്‌ദുല്‍സമദ്‌, രാജീവ്‌ എന്നിവരുംഅന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.