Latest News

ബോവിക്കാനത്ത് യുവാവ് കുത്തേററ് മരിച്ചു

ബോവിക്കാനം:[www.malabarfalsh.com]ബോവിക്കാനത്ത് യുവാവ് കുത്തേററ് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേററു. പൊവ്വലിലെ അബ്ദുല്‍ ഖാദര്‍(19) ആണ് മരിച്ചത്. 

പൊവ്വലിലെ സിയാദ് (22), സത്താദ് അനസ്(22) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. വൈകട്ട് നാല് മണിയോടെയാണ് സംഭവം. ബോവിക്കാനം ടൗണില്‍ വെച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ കത്തിക്കുത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അബ്ദുല്‍ ഖാദര്‍ മരിച്ചിരുന്നു.
കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം വൈകീട്ട് ബോവിക്കാനത്ത് പൊവ്വലിലെയും ബോവിക്കാനത്തെയും ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഫുട്‌ബോള്‍ കളിയെ ചൊല്ലി തര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കൂടിനിന്നവരെ വിരട്ടിയോടിക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചിരുന്നു.
ഇതിന് ശേഷം സ്ഥിതി ശാന്തമായിരിക്കെയാണ് യുവാക്കള്‍ ബോവിക്കാനത്തെത്തിയത്. ഈ സമയം ബോവിക്കാനത്തെ നസീര്‍ എന്ന യുവാവിന്റെ നേതൃത്വത്തിലാണ് ഇവരെ അക്രമിച്ചതെന്ന് പോലീസ് പറയുന്നു. 

അബ്ദുല്‍ ഖാദറിന്റെ കഴുത്തിനും പുറത്തുമാണ് ഗുരുതരമായി വെട്ടേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും ഗുരുതരമായി വെട്ടേറ്റു. അബ്ദുല്‍ ഖാദര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ പ്രതിയുടെ വീട്ടിലെത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. വെളളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് അബ്ദുല്‍ ഖാദര്‍ കൊലക്കത്തിക്കിരയായയത്.
വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. 

ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത്, ആദൂര്‍ സിഐ സിബി തോമസ്, എസ്‌ഐ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊവ്വല്‍, ബോവിക്കാനം എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അഫ്‌സയാണ് മരിച്ച അബ്ദുല്‍ ഖാദറിന്റെ മാതാവ്. അഞ്ച് മക്കളില്‍ മൂത്തവനാണ് അബ്ദുല്‍ ഖാദര്‍.
സുഹൈല്‍, ഫാത്തിമ, ഫൈസല്‍ എന്നിവര്‍ സഹോദരങ്ങളാണ്‌.

UPDATE



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.