Latest News

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം

കൊളംബോ: അണ്ടര്‍-19 ഏഷ്യാകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം. ഫൈനലില്‍ ശ്രീലങ്കയെ 34 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ യുവതാരങ്ങള്‍ ഏഷ്യയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്.[www.malabarflash.com]
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യ അണ്ടര്‍-19 ടീം കോച്ച്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. ഹിമാന്‍ഷു റാണ (71), ശുഭ്മാന്‍ ഗില്‍ (70) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. പ്രഥ്വി ഷോ (39), അഭിഷേക് ശര്‍മ (29), സല്‍മാന്‍ ഖാന്‍ (26), കംലേഷ് നാഗര്‍കോട്ടി (23) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി. ശ്രീലങ്കയ്ക്കായി നിപുണ്‍ രന്‍സികയും പ്രവീണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക രെവെന്‍ കെല്ലി (62), കമിന്ദു മെന്‍ഡിസ് (53), ഹസിത ബോയഗോഡ (37) എന്നിവരുടെ മികവില്‍ നന്നായി തുടങ്ങിയെങ്കിലും നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ വീണത് ആതിഥേയര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. 30 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടിന് 158 എന്ന ശക്തമായ നിലയിലായിരുന്ന ശ്രീലങ്കയ്ക്ക് പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു. 48.4 ഓവറില്‍ 239 റണ്‍സില്‍ ലങ്കന്‍ പോരാട്ടം അവസാനിച്ചു.

37 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയും 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹറുമാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ കറക്കി വീഴ്ത്തിയത്. യാഷ് താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടു പേരെ റണ്ണൗട്ടാക്കി ഇന്ത്യ ഫീല്‍ഡിങ്ങിലും മികച്ചുനിന്നു.

ബാറ്റിങ്ങില്‍ 29 റണ്‍സും ബൗളിങ്ങില്‍ നാലു വിക്കറ്റും നേടി മുന്നില്‍ നിന്ന് നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയാണ് ഫൈനലിലെ താരം. ഇന്ത്യന്‍ ഓപ്പണര്‍ ഹിമാന്‍ഷു റാണയാണ് പരമ്പരയിലെ താരം. അഞ്ചു മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 283 റണ്‍സെടുത്ത റാണ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ്.

2012ല്‍ ടൂര്‍ണമെന്റ് ആരംഭിച്ച ശേഷം ഇന്ത്യ ഏഷ്യാകപ്പ് കിരീടം കൈവിട്ടിട്ടില്ല. ആദ്യ രണ്ടുതവണയും പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 2012ല്‍ മത്സരം ടൈ ആയതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും കിരീടം പങ്കിടുകയായിരുന്നു. എന്നാല്‍ 2014 ഫൈനലില്‍ ഇന്ത്യ പാക് ടീമിനെ 40 റണ്‍സിന് തറപറ്റിച്ച് കിരീടം സ്വന്തമാക്കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.