Latest News

ഗള്‍ഫില്‍നിന്നു ജോലി നഷ്ടപ്പെട്ടു മടങ്ങുന്നവര്‍ക്കു സര്‍ക്കാരിന്റെ ആറുമാസത്തെ നഷ്ടപരിഹാര പാക്കേജ്

ദുബൈ: ഗള്‍ഫില്‍നിന്നു ജോലി നഷ്ടപ്പെട്ടു മടങ്ങുന്ന മലയാളികള്‍ക്കു കേരള സര്‍ക്കാരിന്റെ ആറുമാസത്തെ നഷ്ടപരിഹാര പാക്കേജ്. യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. [www.malabarflash.com]

ഗള്‍ഫില്‍ ജോലി ചെയ്ത ഓരോവര്‍ഷത്തിനും ഒരുമാസമെന്ന തോതില്‍ പെന്‍ഷന്‍ പരിഗണിക്കും. മടങ്ങിവരുന്നവരുടെ തൊഴില്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാകും വിധം ജോബ് പോര്‍ട്ടല്‍ തുടങ്ങും.

അപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കാനും നാട്ടിലെത്തിക്കാനും നടപടി സ്വീകരിക്കും. മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കും. വിമാനത്താവളത്തില്‍നിന്നു വീട്ടിലെത്തിക്കാന്‍ ആംബുലന്‍സും ഏര്‍പ്പെടുത്തും. മരണത്തെത്തുടര്‍ന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സംഘടനകള്‍ക്കു ധനസഹായം നല്‍കും. തൊഴില്‍പ്രശ്‌നങ്ങളില്‍ മാര്‍ഗനിര്‍ദേശത്തിനും നിയമോപദേശത്തിനും ഓരോ മേഖലയിലും അഭിഭാഷക പാനല്‍ തയാറാക്കും. കബളിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയിലാക്കും. ഇത്തരം കാര്യങ്ങളില്‍ വിജിലന്‍സിന്റെ പങ്കാളിത്തവും ഉറപ്പാക്കും.

തട്ടിപ്പു കമ്പനികളില്‍നിന്നും വ്യാജ റിക്രൂട്‌മെന്റ് ഏജന്റുമാരില്‍നിന്നും തൊഴിലന്വേഷകര്‍ക്കു സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്രവുമായി ചേര്‍ന്നു നിയമനിര്‍മാണത്തിനു ശ്രമിക്കും. റിക്രൂട്ടിങ് ഏജന്‍സികള്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. റിക്രൂട്ടിങ് ഏജന്‍സികളെ ഗ്രേഡ് ചെയ്തു നോര്‍ക്ക പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തും. കേരളം വിടുംമുന്‍പു തൊഴിലന്വേഷകര്‍ക്കായി ഓറിയന്റേഷന്‍ സെഷനുമുണ്ടാകും.

വിദേശരാജ്യത്തു ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു കൈപ്പുസ്തകം ഇറക്കും. അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും വിവരങ്ങള്‍, ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ ഇതിലുണ്ടാകും. തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഏകോപന സംവിധാനമുണ്ടാക്കും.

സ്ത്രീ തൊഴിലാളികള്‍ക്കു ഹോസ്റ്റലും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അഭയകേന്ദ്രവും പരിഗണനയിലുണ്ട്. അഭയകേന്ദ്രത്തില്‍ ചികില്‍സയും ഭക്ഷണവും ലഭ്യമാക്കും. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവുണ്ടാകും. ഗള്‍ഫില്‍ കുറഞ്ഞ ചെലവില്‍ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന കേരള പബ്ലിക് സ്‌കൂള്‍ സ്ഥാപിക്കാന്‍ ശ്രമിക്കും. ജോലി പോയാല്‍ മക്കളുടെ പഠനം താറുമാറാകുന്ന സാഹചര്യം ഒഴിവാക്കും. നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കുട്ടികള്‍ക്കു കേരളത്തിലെ സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.