Latest News

ജയലളിതയ്ക്ക് ഹൃദയസ്തംഭനം; വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി LIVE



ചെന്നൈ:[www.malabarflash.com] അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദായാഘാതം.

അപ്പോളോ ആസ്പത്രി രാത്രിയോടെ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹൃദായാഘാതത്തെ തുടര്‍ന്ന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന ജയലളിതയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി.

ഞായറാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ചിനുമിടയിലാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്.രാത്രി ഒമ്പതരയോടെയാണ് ആസ്പത്രി അധികൃതർ ഇക്കാര്യം പുറത്ത് വിട്ടത്.

കഴിഞ്ഞ രണ്ട് മാസമായി ആസ്പത്രിയില്‍ തുടരുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്.

ഹൃദ്രോഗവിദഗ്ദ്ധര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജയലളിതയെന്ന് വാര്‍ത്താക്കുറിപ്പില്‍ ആസ്പത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം ജയലളിതയുടെ ആരോഗ്യനിലയിലുണ്ടായ അപ്രതീക്ഷിതമാറ്റത്തെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് തിരിച്ചു. രാത്രി 10.45 ഓടെ ഗവര്‍ണര്‍ ചെന്നൈയിലെത്തും.

കേന്ദ്രഅഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുമായി ടെലിഫോണിലൂടെ സംസാരിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അടിയന്തരസാഹചര്യം നേരിടുവാന്‍ ചെന്നൈയില്‍ കേന്ദ്രസേനയെ വിന്യസിച്ചേക്കും എന്നാണ് സൂചന.

തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും അപ്പോളോ ആസ്പത്രിയിലെത്തിയിട്ടുണ്ട്. ചെന്നൈ അപ്പോളോ ആസ്പത്രിക്ക് മുന്നില്‍ തമിഴ്‌നാട് പോലീസിന്റെ വന്‍സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആസ്പത്രിക്ക് മുന്നിലെക്കെത്തുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്.

ജയലളിതയുടെ ആരോഗ്യനില വഷളായ വാര്‍ത്തയോട് എഐഡിഎംകെ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ചെന്നൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരോടും ജോലിക്കെത്താനും മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.