വാട്ടര്‍ അതോറിറ്റിയില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി വിരമിച്ച നന്ദകുമാറിന്റെ വീടിന്റെ മേല്‍ക്കൂരയില്‍ പത്ത് കിലോവാട്ട് പീക്ക് ശേഷിയുള്ള ഓണ്‍ഗ്രിഡ് സോളര്‍ ഫോട്ടോവോള്‍ട്ടായിക് പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു..
വീടിന്റെ മേല്‍ക്കൂരയില്‍ ആകെ 1500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 1000 ചതുരശ്ര അടിയിലും സോളര്‍ സംവിധാനം സ്ഥാപിച്ചിരിക്കുകയാണ്. പകല്‍ മാത്രമാണ് ഉല്‍പാദനം നടക്കുക. സൂര്യന്‍ ഉദിച്ചുതുടങ്ങുമ്പോള്‍ ഉല്‍പാദനം ആരംഭിക്കും.
രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയാണ് പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്ന പീക്ക് സമയം. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയും കെഎസ്ഇബിയിലേക്ക് നല്‍കുന്ന വൈദ്യുതിയും അളക്കാനും സുരക്ഷിതമായി നിയന്ത്രിക്കാനും ആന്റി ഐലന്റിങ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
പ്ലാന്റിന്റെ മുതല്‍മുടക്ക് ഏഴുവര്‍ഷം കൊണ്ട് തിരിച്ചുപിടിക്കാമെന്നുള്ളത് ഈ മേഖലയിലേക്ക് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുമെന്ന് നന്ദകുമാര്‍ പറഞ്ഞു.
ബാറ്ററി സ്‌റ്റോറേജ് രഹിത പദ്ധതിയാണ് ലാഭകരം. ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ തന്നെ ഗ്രിഡ് വഴി വിതരണത്തിന് നല്‍കുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാന്‍ ആകെ എട്ടര ലക്ഷം രൂപയാണ് ചെലവ്. അതില്‍ 3.4 ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കി. നാല് ലക്ഷം രൂപ സോളര്‍ പദ്ധതികള്‍ക്കു നല്‍കുന്ന പലിശ കുറഞ്ഞ ലോണിലൂടെയും ലഭിച്ചു. ബാക്കി 1.10 ലക്ഷം രൂപയാണ് നേരിട്ട് മുടക്കിയിരുക്കുന്നതെന്നും നന്ദകുമാര്‍ പറയുന്നു.
ലോണിന്റ തിരിച്ചടവ് ഉള്‍പ്പെടെ മുടക്കുമുതല്‍ ഇപ്പോഴത്തെ വൈദ്യുതി നിരക്കനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ തിരിച്ച് ലഭിക്കുമെന്ന് നന്ദകുമാര്‍ അവകാശപ്പെടുന്നു.
സോളര്‍ പാനലുകള്‍ക്ക് 25 വര്‍ഷവും അനുബന്ധ ഉപകരണങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഗാരണ്ടിയുണ്ടെന്നത് സംരംഭകര്‍ക്ക് ആശ്വാസമാണ്. പദ്ധതികളില്‍ കൂടുതല്‍ സംരംഭകര്‍ എത്തുന്നതോടെയും ഇത്തരം വൈദ്യതി വിതരണം ചെയ്യുന്നതിന് കെഎസ്ഇബി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെ നേരിടാന്‍ കഴിയുമെന്ന് നന്ദകുമാര്‍ പറയുന്നു. ചാലക്കുടി ഡിവിഷനു കീഴില്‍ ആരംഭിച്ച ആദ്യ ഓണ്‍ഗ്രിഡ് സോളര്‍ പദ്ധതിയാണിത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment