സേവനസന്നദ്ധരായ നിരവധി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മികച്ച കൂട്ടായ്മയാണ് ട്രോമാ കെയര്‍. വാഹനാപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുകയും അവരെ സന്നദ്ധഭടന്മാരായി ഉയര്‍ത്തിക്കൊണ്ടുവരികയുമാണ് ലക്ഷ്യം.
നല്ല മുന്നേറ്റമാണ്. പ്രതീക്ഷയുണ്ട്. പക്ഷെ നുള്ളിപ്പാടിയില്‍ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ട്രാക്ക് കാര്‍ണിവെല്‍ തട്ടിപ്പാണെന്ന് പറയാതെ വയ്യ. മന്ത്രി മുതല്‍ എം.പി., ജില്ലയിലെ എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തില്‍ നന്മയുടെ ഓരം ചേര്‍ന്നു നടക്കുന്ന പലരുടെയും പേരും അതില്‍ ചിലരുടെ ഫോട്ടോയും പതിച്ച ട്രാക്ക് കാര്‍ണിവെലിന്റെ ഫ്‌ളക്‌സ് ബോര്‍ഡിന് കീഴില്‍ നടക്കുന്നത് ചൂതാട്ടമാണ്.
നഗരത്തിലെ ജ്വല്ലറികളുടെ പരസ്യം കൊണ്ട് തീര്‍ത്ത വന്‍ മതിലിനപ്പുറത്ത് എന്തോ കാര്യമായി നടക്കുന്നുണ്ടെന്ന് കരുതി കുഞ്ഞുകുട്ടികള്‍ക്കടക്കം 50 രൂപ വീതം നല്‍കി ടിക്കറ്റെടുത്ത് അകത്ത് കടക്കുന്ന കുടംബങ്ങള്‍ സങ്കടത്തോടെയാണ് ഇറങ്ങേണ്ടിവരുന്നത്.
500, 1000 നോട്ടു നിരോധനം കൊണ്ടുണ്ടായ സാമ്പത്തിക മാന്ദ്യവും അത് ഇടത്തരം കച്ചവക്കാര്‍ മുതല്‍ തൊഴിലാളികള്‍ക്ക് വരെയുണ്ടാക്കിയ ദുരിതവും ഒരു ഭാഗത്തുണ്ട്. തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞ്, കച്ചവടം കുറഞ്ഞ്, റേഷനരി കിട്ടാതെ ദുരിതം പങ്കിട്ട് കഴിയുന്ന കുടുംബത്തെ ഒന്ന് സന്തോഷിപ്പിക്കാമെന്ന് കരുതിയാകണം അവധി ദിനത്തില്‍ ഒരോ കാസര്‍കോട്ടുകാരനും ഭാര്യയെയും മക്കളെയും കൂട്ടി കാര്‍ണിവെല്‍ കാണാനെത്തുന്നത്.
നിലവില്‍ 50 രൂപ ടിക്കറ്റ് എന്നത് വലീയ തുക തന്നെയാണ്. 50 രൂപക്കുള്ള എന്തു കാഴ്ചയാണ് കാര്‍ണിവെല്ലില്‍ ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞുതരണം. ഏതെങ്കിലും സംഘടനയുടെ ജില്ലാ സമ്മേളനത്തിനൊരുക്കുന്ന പുല്‍ക്കൂടുകള്‍ പോലെ ലോകത്തെ മഹാത്ഭുതങ്ങളുടെ ഫള്ക്‌സ് ബോര്‍ഡുകള്‍ ചേര്‍ത്തുണ്ടാക്കിയ കാഴ്ച കണ്ണിന് വിരുന്നെന്ന് പറഞ്ഞ് പറ്റിക്കരുത്.
അകത്ത് കടന്നാല്‍ ഉത്സവപ്പറമ്പിലെ ഒന്നുവെച്ചാല്‍ പത്ത് പത്ത് വെച്ചാല്‍ നൂറ് വയ്യെടാ വയ് എന്ന മട്ടിലുള്ള ചൂതാട്ടവും. 20 രൂപ നല്‍കി നടത്തുന്ന നാല് ചൂതാട്ട കേന്ദ്രമാണ് കാര്‍ണിവെല്ലിലെ പ്രധാന ഇനം. ആദ്യത്തേതില്‍ ഈ-വെയിസ്റ്റ് ആയി എഴുതിത്തള്ളിയ ഒരു ടീവിയും ഫാനും കൂളറും അടക്കമുള്ള ഏതാനും ഇലക്ട്രോണിക്‌സ് സാധനങ്ങള്‍. 20 രൂപ നല്‍കിയാല്‍ ആറ് പന്ത് കിട്ടും. അത് ഒരു ബോര്‍ഡിലേക്ക് എറിയണം. പന്ത് ഉരുണ്ട് നില്‍ക്കുന്ന ഭാഗത്ത് ഏതാനും അക്കങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവ കൂട്ടിയാല്‍ കിട്ടുന്ന രണ്ടക്ക സംഖ്യ പ്രദര്‍ശനത്തിന് വെച്ച സാധനങ്ങളുടെ കീഴെ എഴുതിയിട്ടുണ്ടെങ്കില്‍ അത് സമ്മാനമായി കിട്ടും.
ഒരുമണിക്കൂറിലേറെ കാത്തിരുന്നിട്ടും പലരുടെയും കാശ് പോയതല്ലാതെ ഒന്നുപോലും ആര്‍ക്കും കിട്ടുന്നത് ഞാന്‍ കണ്ടില്ല. മറ്റൊരു സ്റ്റാളിലെത്തിയപ്പോള്‍ ചൂതാട്ടം ഗംഭീരം. 20 രൂപ നല്‍കിയാല്‍ മൂന്ന് വളയം കിട്ടും. അത് തറയിലേക്ക് എറിയണം. 10 മുതല്‍ 100 വരെ വിവിധ സംഖ്യകള്‍ എഴുതിയ ചെറിയ കാര്‍ഡ്‌ബോര്‍ഡ് കഷണം തറയിലുണ്ട്. അതില്‍ വളയം ചെന്ന് നിന്നാല്‍ അതിലെഴുതിയ സംഖ്യ പണമായി സമ്മാനം.
ഉത്സവപ്പറമ്പില്‍ കണ്ടാല്‍ പൊലീസ് തൂക്കിയെടുത്ത് ജീപ്പിലിട്ട് ലോക്കപ്പില്‍ കൊണ്ടുപോയി കൂമ്പിനിടിക്കുന്ന ചൂതാട്ടമാണ് നേരത്തെ പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിന് താഴെ നടക്കുന്നതെന്ന് ഓര്‍ക്കുക.
കഴിഞ്ഞില്ല; അടുത്ത സ്റ്റാളില്‍ കയറിയാല്‍ മൂന്ന് തോക്കുണ്ട്. സോപ്പ് ചീപ്പ് കണ്ണാടി എന്നിവ നിരത്തി വെച്ചിട്ടുണ്ട്. അവയുടെ മുകളില്‍ ഓരോ തീപ്പെട്ടിയുമുണ്ട്. തോക്കിലെ ചെറിയ പെല്ലറ്റു കൊണ്ട് തീപ്പെട്ടി താഴെയിടണം. അങ്ങനെ ചെയ്താല്‍ തീപ്പെട്ടിക്ക് കീഴിലുള്ള സാധനം നമുക്ക് സ്വന്തം. വീണ്ടും അതാ വരുന്നു. മറ്റൊരു ചൂതാട്ടം. അഞ്ച് പ്ലാസ്റ്റിക് പന്തുകള്‍. നിരത്തിവെച്ച സാധനങ്ങളിലേക്ക് അതെറിയണം. അവ തട്ടിതെറിക്കാതെ ഏതെങ്കിലും സാധനസാമഗ്രിയില്‍ പറ്റി നിന്നാല്‍ അത് നമുക്ക് സ്വന്തം.
നാരായണ... നാരായണ... നാരായണ.... കലി കാലമെന്നല്ലാതെ എന്താ പറയുക. നല്ലൊരു സംരഭത്തിന്റെ പേരില്‍ വളച്ചുകെട്ടിയ കോട്ടയുടെ നടുവില്‍ നമ്മുടെ പണവും പരസ്യവും വാങ്ങി എമ്മാതിരി ചൂത് കളിയാണെന്റെ സാറേ... ചൂതാട്ടത്തിന്റെ സ്റ്റാളുകളിലുള്ളത് എല്ലാം ബംഗാളികള്‍... ഉഗ്രന്‍ ഐഡിയ എന്ന് ഞാന്‍ എന്റെ ഹിന്ദിയില്‍ പറഞ്ഞപ്പോള്‍... അവര്‍ തൊഴുതു. ഞങ്ങള്‍ പാവം കൂലിക്കാര്‍, ബോസ് മലയാളിയാണത്രെ. നാല് ചൂതാട്ട കേന്ദ്രത്തിന്റെയും ബോസ് ഒരു റൂബിന്‍ എന്ന് മാത്രമേ ആ പാവങ്ങള്‍ക്കറിയു. അവര്‍ക്ക് രാത്രി കൂലി കിട്ടും. അത്ര തന്നെ.
കോടികള്‍ ചെലവിട്ട് ബിനാലെ നടക്കുന്ന കേരളത്തില്‍ കാഴ്ചയുടെ വിരുന്നൊരുക്കിയാല്‍ പട്ടിണി കിടന്നും കാണാന്‍ മലയാളികള്‍ എത്തും. തീനും കുടിയും മാത്രമല്ല, അതിനപ്പുറമുള്ള ലോകം കാണാന്‍ വെമ്പല്‍കൊള്ളുന്ന മനസ്സ് മലയാളികള്‍ക്കുണ്ട്. പ്രത്യേകിച്ച് കാസര്‍കോട്ടുകാര്‍ക്ക്. 18 തികഞ്ഞാല്‍ തൊഴില്‍തേടി ലോകം കറങ്ങി നടക്കുന്നവരാണ് കാസര്‍കോട്ടുകാര്‍. സാറന്മാര്‍ പറഞ്ഞുകേട്ടതൊക്കെ കണ്‍കുളിര്‍ക്കെ കണ്ടുവന്നവര്‍. അവര്‍ക്ക് മുന്നില്‍ ഈ തട്ടിപ്പിന്റെ വിരുന്നൊരുക്കരുത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment