Latest News

ആതിര എന്തിനീ കടുംകൈ ചെയ്തു; ഉത്തരം കിട്ടാത്ത ചോദ്യവുമായി നാട്ടുകാര്‍

ചെറുവത്തൂര്‍: എല്ലാവരെയും സ്‌നേഹിച്ച എല്ലാവരും ഇഷ്ടപ്പെട്ട ആതിര എന്തിന് ഈ കടുംകൈ ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്ത നൊമ്പരത്തിലാണ് ചെറുവത്തൂരും ഉദിനൂരും.[www.malabarflash.com]

കാരി പതിക്കാലിലെ തേപ്പ് തൊഴിലാളി വി വി രതീഷിന്റെ ഭാര്യയായ ആതിര(20) വെളളിയാഴ്ച ഉച്ചയോടെയാണ് ഭര്‍തൃ വീട്ടില്‍ തീ പൊള്ളലേറ്റ് മരണപ്പെട്ടത്.

ആതിരയെ കുറിച്ച് പറയാന്‍ ആളുകള്‍ക്ക് നല്ലത് മാത്രമേ ഉള്ളൂ.
ഏതാനും ദിവസം മുമ്പ് ആതിരയുടെ അമ്മയുടെ അമ്മാവന്‍ അമ്പു അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. അതിനാല്‍ ആതിര വ്യാഴാഴ്ച വരെ ആതിര അമ്മയുടെ തറവാട്ട് വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. സഞ്ചയനവും കഴിഞ്ഞ് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ആതിര പതിക്കാലിലെവീട്ടിലേക്ക് തിരിച്ചെത്തിയത്.

മരണ വിവരമറിഞ്ഞത് മുതല്‍ ആതിര വല്ലാതെ അസ്വസ്ഥതയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
വീട്ടിലേക്ക് തിരിച്ചെത്തിയത് മുതല്‍ സാധാരണ പോലെ തന്നെയായിരുന്നു പെരുമാറിയിരുന്നത്.

വെളളിയാഴ്ച രാവിലെ രതീഷും അമ്മ നാരായണിയും പതിവ് പോലെ ജോലിക്ക് പോയിരുന്നു. ഉച്ചയോടെ നാരായണി തിരിച്ചെത്തിയപ്പോഴാണ് കിടപ്പ് മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആതിരയുടെ മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മെയ് 29 നായിരുന്നു രതീഷും ആതിരയും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു ആതിര.

തികച്ചും സന്തോഷകരമായിട്ടായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നതെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. നാട്ടിലെ ക്ലബ്ബിലും സാംസ്‌കാരിക പരിപാടികളിലും സജീവമായി പങ്കെടുക്കുന്ന രതീഷിനെ കുറിച്ച് ആര്‍ക്കും മോശമായ അഭിപ്രായമില്ല. ഈ ദമ്പതികള്‍ തികഞ്ഞ സൗഹൃദത്തിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നിട്ടും ആതിര എന്തിന് ഇത് ചെയ്തുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ചാനടുക്കത്തെ ഉപേന്ദ്രന്റെയും തെക്കുപുറത്തെ പത്മിനിയുടെയും മകളാണ് ആതിര. ഏക സഹോദരന്‍ അരുണ്‍. ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നീലേശ്വരം സി ഐ വി ഉണ്ണിക്കൃഷ്ണന്‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.