Latest News

പദ്ധതി നടത്തിപ്പിലെ ക്രമക്കേട്; ഈസ്റ്റ് എളേരിയില്‍ സ്ഥിരം സമിതി അധ്യക്ഷര്‍ക്കെതിരെ അടക്കം വിജിലന്‍സ് കേസ്

കാഞ്ഞങ്ങാട്: പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരടക്കമുള്ളവരെ ചേര്‍ത്തു വിജിലന്‍സ് കേസ്.[www.malabarflash.com]

തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ ജോലി ചെയ്യാതെ, വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ കേസിലാണ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരടക്കം ആറു പേര്‍ പ്രതികളായത്.
ഈസ്റ്റ് എളേരി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെസി ടോം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സണ്ണി കോയിത്തുരുത്തേല്‍, പഞ്ചായത്ത് മുന്‍ അംഗങ്ങളായ ഷിജി കുര്യാച്ചന്‍, പി.ഡി.നാരായണി, ജെസി തോമസ്, റോഷ്‌നി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ഭാരത് മിഷന്‍ പദ്ധതി പ്രകാരം ജലനിധി നടപ്പിലാക്കിയ ഗാര്‍ഹിക ശൗചാലയ നിര്‍മാണത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരടക്കം ഏഴു പേരെ പ്രതിചേര്‍ത്തും വിജിലന്‍സ് കേസെടുത്തു.
ഈസ്റ്റ് എളേരി പഞ്ചായത്ത് ജലനിധി പദ്ധതിയുടെ ഗുണഭോക്തൃ സമിതികളുടെ ഫെഡറേഷന്‍ (ബി.ജി ഫെഡറേഷന്‍) സെക്രട്ടറി ടി.വി.ജോസ്, വൈസ് പ്രസിഡന്റ് സി.ജെ. പാപ്പച്ചന്‍, ട്രഷറര്‍ മേരി ആന്റണി, ജലനിധി പ്രോജക്ട് കമ്മിഷണര്‍, ജൂനിയര്‍ പ്രോജക്ട് കമ്മിഷണര്‍, ജലനിധി കമ്യൂണിറ്റി സീനിയര്‍ എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയില്‍ ഡിവൈഎസ്പി കെ.വി.രഘുരാമന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടന്നിരുന്നു. 2002 മുതല്‍ 2005 വരെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഇവര്‍ പഞ്ചായത്ത് ഭരണസമിതി, സ്ഥിരം സമിതി യോഗങ്ങളില്‍ പങ്കെടുത്ത അതേ ദിവസം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തുവെന്നു വ്യാജ രേഖയുണ്ടാക്കി പണം തട്ടിയെടുക്കുകയായിരുന്നുവെന്നു ഡിവൈഎസ്പി കെ.വി.രഘുരാമന്‍ അറിയിച്ചു.
ഇതേക്കുറിച്ച് ഓംബുഡ്‌സ്മാന്‍ പരാതി കിട്ടിയതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിച്ച വേതനം തിരിച്ചടച്ചുവെങ്കിലും വ്യാജ രേഖയുണ്ടാക്കി ഭരണസമിതി അംഗങ്ങള്‍ തട്ടിപ്പു നടത്തിയതിനാണ് കേസ്.
588 ഗുണഭോക്താക്കള്‍ക്ക് 15,400 രൂപ വീതം നല്‍കേണ്ട പദ്ധതിയില്‍ ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ക്കൊപ്പം ജലനിധി ഉദ്യോഗസ്ഥരായ നാലു മുതല്‍ ഏഴ് വരെ പ്രതികളും ഗൂഢാലോചന നടത്തി അനര്‍ഹര്‍ക്ക് പദ്ധതി തുക വീതിച്ചുനല്‍കിയെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.
പദ്ധതിയില്‍ 90,52,200 രൂപ ചെലവിട്ടിരുന്നു. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകള്‍ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് തുടരന്വേഷണത്തിനുള്ള ഒരുക്കത്തിലാണ്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.