കൊച്ചി: കെട്ടിടനിര്‍മാണ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയ കൊച്ചി ഡെപ്യൂട്ടി ചീഫ് ലേബര്‍ കമീഷണര്‍ അടക്കം നാലുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
കോഴിക്കോട് ഐ.ഐ.എമ്മിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ.കെ ബില്‍ഡേഴ്‌സില്‍നിന്ന് കൈക്കൂലി വാങ്ങവെയാണ് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമീഷണര്‍ എ.കെ. പ്രതാപ്, അസി. ലേബര്‍ കമീഷണര്‍ ഡി.എസ്. ജാദവ്, ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ സി.പി. സുനില്‍കുമാര്‍, കെ.കെ ബില്‍ഡേഴ്‌സിന്റെ എച്ച്.ആര്‍ മാനേജര്‍ പി.കെ. അനീഷ് എന്നിവരെ സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ പി.ഐ. അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയോടെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ ജനുവരി 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ആദ്യ മൂന്ന് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയിലും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷയിലും വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കും.
എ.കെ. പ്രതാപും ജാദവും വിവിധ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ എത്തിച്ച് നല്‍കുന്ന കരാറുകാരില്‍നിന്ന് വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
അഴിമതി സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി (രണ്ട് ) മുമ്പാകെ ഇരുവരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തശേഷം അറസ്റ്റിന് നടപടികള്‍ ആരംഭിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് മതിയായ വേതനം, താമസ സൗകര്യം എന്നിവ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതലയാണ് ചീഫ് ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, ഒന്നും രണ്ടും പ്രതികള്‍ ഗൂഢാലോചന നടത്തി സ്ഥാപനങ്ങളില്‍നിന്ന് വന്‍തോതില്‍ കൈക്കൂലി വാങ്ങിയതായാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
ഐ.ഐ.എമ്മിന്റെ ജോലി നിര്‍വഹിച്ചിരുന്ന കെ.കെ ബിള്‍ഡേഴ്‌സില്‍നിന്ന് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയ സി.ബി.ഐ സംഘം കെ.കെ ബില്‍ഡേഴ്‌സ് എച്ച്.ആര്‍ മാനേജര്‍ അനീഷ് ഒന്നും രണ്ടും പ്രതികള്‍ക്ക് 25,000 വീതവും മൂന്നാം പ്രതിക്ക് 10,000 രൂപയും കൈമാറുന്നതിനിടെയാണ് പിടികൂടിയത്. കൈമാറിയ 60,000 രൂപയില്‍ 50,000വും ഒന്നാം പ്രതിയില്‍നിന്നാണ് പിടിച്ചെടുത്തത്.
എഫ്.ഐ.ആറില്‍ പ്രതിചേര്‍ക്കാതിരുന്ന അനീഷിനെയും സുനില്‍കുമാറിനെയും അറസ്റ്റിന് പിന്നാലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അറസ്റ്റിനുശേഷം ആറോളം കേന്ദ്രങ്ങളില്‍ സി.ബി.ഐ സംഘം പരിശോധന നടത്തി ഏതാനും രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനയും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment