Latest News

സ്‌കൂളിലേക്കു പോയ ഫാത്തിമത്ത്‌ മുബഷീറ എവിടെ?

കാഞ്ഞങ്ങാട്‌: സ്‌കൂളിലേയ്‌ക്കു പോയ ഫാത്തിമത്ത്‌ മുബഷീറ(15)യ്‌ക്ക്‌ എന്താണ്‌ സംഭവിച്ചത്‌.?, ആരെങ്കിലും തട്ടികൊണ്ടുപോയോ?, അതോ പോലീസ്‌ സംശയിക്കുന്നതുപോലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയോ? ഒളിച്ചോടിയെങ്കില്‍ ഇരുവരും ഇപ്പോള്‍ എവിടെയാണ്‌?ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നതിനിടയില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച്‌ പ്രക്ഷോഭത്തിലേയ്‌ക്ക്‌.[www.malabarflash.com]

മാണിക്കോത്ത്‌, ചിത്താരി സ്വദേശിനിയാണ്‌ ഫാത്തിമത്ത്‌ മുബഷീറ. കഴിഞ്ഞ മാസം ഒന്‍പതിനാണ്‌ കാണാതായത്‌. കാണാതാകുന്ന സമയത്ത്‌ 15 വയസ്‌ മാത്രം പ്രായമായ മുബഷീറ പെരിയയിലെ സ്വകാര്യസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയായിരുന്നു. 

രാവിലെ പതിവുപോലെ യൂണിഫോം ധരിച്ച്‌ സ്‌കൂളിലേയ്‌ക്കു പോയതായിരുന്നു. വൈകുന്നേരം ഏറെ വൈകിയിട്ടും സ്‌കൂളിലേയ്‌ക്കു പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വീട്ടില്‍ ആധിപടര്‍ന്നു. ബന്ധുക്കള്‍ പല സ്ഥലത്തും അന്വേഷിച്ചു. എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.അങ്ങനെയാണ്‌ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസിനെ സമീപിച്ചത്‌. 

പോലീസ്‌ കാണാതായതിനു കേസെടുത്തു. അന്വേഷണത്തില്‍ ഫാത്തിമത്ത്‌ മുബഷീറയ്‌ക്കൊപ്പം പുല്ലൂര്‍ സ്വദേശിയും പെരിയയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ്‌ സയാസിനെയും കാണാതായതായി കണ്ടെത്തി. തുടര്‍ന്ന്‌ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാല്‍ സൈബര്‍ സെല്ലിന്റെ ചാരകണ്ണുകളില്‍ ഒരിക്കല്‍ പോലും ഇവരുടെ മൊബൈലുകള്‍ പതിഞ്ഞില്ല. സ്വിച്ച്‌ ഓഫ്‌ ചെയ്‌തതു കൊണ്ടായിരിക്കാം ഇതെന്നാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍.
ഇതിനു മുമ്പും പല തരത്തിലുള്ള ഒളിച്ചോട്ട കേസുകള്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസില്‍ ഉണ്ടായിട്ടുണ്ട്‌. പ്രമുഖരുടെ ഒളിച്ചോട്ടങ്ങള്‍വരെ പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്‌. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി ഒരു മാസം ആകാറായിട്ടും എന്തുകൊണ്ടാണ്‌ കണ്ടെത്താന്‍ കഴിയാത്തത്‌.? പോലീസിനുമേല്‍ സമ്മര്‍ദ്ദം ശക്തമായതോടെ കാണാതായ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ ചേര്‍ത്ത്‌ പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഇതു പരസ്യപ്പെടുത്തിയെങ്കിലും ഇരുവരുടെയും തിരോധാനത്തിലേയ്‌ക്കു വിരല്‍ ചൂണ്ടുന്ന യാതൊരു സൂചനകളും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

തിരോധാനവുമായി ബന്ധപ്പെട്ട്‌ പലതരത്തിലുമുള്ള ഊഹാപോഹങ്ങള്‍ പരന്നുകൊണ്ടിരിക്കുന്നു. ഏതോ ഉന്നതരുടെ സഹായത്തോടെ ഒളിവില്‍ കഴിയുന്നുവെന്നാണ്‌ പ്രധാന പ്രചാരണം. ഇതു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്‌ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച്‌ പ്രക്ഷോഭം ആരംഭിച്ചത്‌. ഇതോടെ പോലീസിനുമേല്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമായിരിക്കുകയാണ്‌.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.