Latest News

മോശം പ്രകടനം: രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍


ന്യൂഡല്‍ഹി: സര്‍വ്വീസിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രണ്ട് ഐ പി എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിര്‍ബന്ധിതമായി വിരമിപ്പിച്ചു. സിവില്‍ സര്‍വ്വീസ് ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവങ്ങളിലൊന്നാണിത്.1992 ബാച്ചിലെ ചത്തീസ്ഗഡ് കേഡറിലുള്ള രാജ് കുമാര്‍ ദേവാംഗണ്‍ 1998 ബാച്ചിലെ കേന്ദ്രഭരണപ്രദേശ കേഡറിലെ ഉദ്യോഗസ്ഥനായ മായങ്ക് ഷീല്‍ ചൗഹാന്‍ എന്നിവരെയാണ് സര്‍വ്വീസില്‍ നിന്ന് നിര്‍ബന്ധിതമായി വിരമിപ്പിച്ചത്. [www.malabarflash.com]

15 മുതല്‍ 25 വര്‍ഷത്തെ സര്‍വ്വീസ് ചരിത്രം പരിശോധിച്ച് മോശം പ്രകടനം കാഴ്ച്ചവെക്കുന്നവരെ നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കാം . ഇത്തരത്തില്‍ ഓള്‍ ഇന്ത്യ സര്‍വ്വീസ് റൂള്‍ പ്രകാരമാണ് രണ്ട് ഉദ്യോഗസ്ഥരെയും നിര്‍ബന്ധിത വിരമിക്കലിന് സര്‍ക്കാര്‍ വിധേയമാക്കിയത്.

ഐ പി എസ് ഓഫീസര്‍മാരുടെ നിയന്ത്രണാധികാരമുള്ള ആഭ്യന്തരമന്ത്രാലയമാണ് രണ്ട് ഓഫീസര്‍മാരുടെ കാര്യത്തിലും തീരുമാനമെടുത്തത്. പൊതു താത്പര്യം പരിഗണിച്ചാണ് ഈ നീക്കം എന്നാണ് ആഭ്യന്തര മന്ത്രാലയം സംഭവത്തെ വിശേഷിപ്പിക്കുന്നത്. സംസ്ഥാന കേഡറിന്റെ നിര്‍ദേശം പരിഗണിച്ചു കൊണ്ടാണ് നിര്‍ബന്ധിത വിരമിക്കലിനുള്ള അംഗീകാരം ആഭ്യന്തര മന്ത്രാലയം നല്‍കിയത്. ഇത്തരത്തില്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയമാകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവിനോടൊപ്പം  മൂന്ന് മാസത്തെ നോട്ടീസ് പിരീഡ് നല്‍കും. ഈ മൂന്ന് മാസ കാലയളവില്‍ ശമ്പളവും നല്‍കുന്നുണ്ട്.

10 വര്‍ഷം മുമ്പാണ് ഇതിന് മുമ്പ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. മോശം പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് എതിരെ എടുക്കുന്ന നടപടി എന്നല്ലാതെ ഇതിനെ ശിക്ഷയായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇത്തരത്തിലുള്ള നടപടിക്ക് വിധേയമാകുന്നവര്‍ക്ക് വിരമിക്കലിന് ശേഷമുള്ള എല്ലാ പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കും.


Keywords: Naional News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.