Latest News

കലോത്സവ സ്മരണയ്ക്ക് കലാമരം; ഘോഷയാത്ര ചരിത്ര സംവമാകും

കണ്ണൂര്‍: ഐക്യകേരളത്തിന്റെ അറുപതാംപിറന്നാള്‍ ആഘോഷിക്കുന്ന അവസരത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കന്നി കലോത്സവത്തിന് തിരിതെളിയുന്നത്.[www.malabarflash.com]

അതേ, സംസ്ഥാന സ്‌കൂള്‍ കലാമേളയുടെ 57-ാമത് അരങ്ങ് കണ്ണൂരില്‍ ആരംഭിക്കുമ്പോള്‍ അതിന്റെ സ്മരണക്ക് കണ്ണൂരില്‍ ഒരു വടവൃക്ഷം പടര്‍ന്ന് പന്തലിക്കും. ഇത് ആദ്യമായാണ് കലോത്സവ ആഥിത്യഭൂമിയില്‍ കലാമരം നട്ട് കലോത്സവ തിരിതെളിയിക്കുന്നത്. കലോത്സവത്തിന് മുഖ്യമന്ത്രി തിരിതെളിയിക്കും. 

കലോത്സവത്തിന്റെ വരവറിയിക്കുന്ന ഘോഷയാത്ര വലിയ സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പതിനാറിന് ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഈ കലാമരം വഹിച്ചുകൊണ്ടായിരിക്കും നീങ്ങുക. മുഖ്യവേദിയായ പോലീസ് മൈതാനത്ത് ഈ മരം ഒരാഴ്ച പ്രദര്‍ശിപ്പിക്കും. കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ മൈതാനത്തിന്റെ ഒരുമൂലയില്‍ ഈ മരം വെച്ചുപിടിപ്പിക്കും.
കലോത്സവത്തിലൂടെ പ്രകൃതിസംരക്ഷണ സന്ദേശം നല്‍കുകയാണ് ഇതിന്റെ ഉദ്ദേശം. അലങ്കരിച്ച വാഹനത്തിലാണ് കലാമരം സാംസ്‌കാരിക ഘോഷയാത്രയില്‍ കൊണ്ടുവരിക. കണ്ണൂര്‍ സെന്റ്‌മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര പ്രഭാത് റോഡ്, ഫോര്‍ട്ട്‌റോഡ്, സ്റ്റേഷന്‍ റോഡ്, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് വഴി മുഖ്യവേദിയായ പോലീസ് മൈതാനത്ത് പ്രവേശിക്കും. 

ഇതുവരെ നടന്ന സ്‌കൂള്‍ കലോത്സവ ഘോഷയാത്ര രീതികളെ താരതമ്യം ചെയ്യുമ്പോള്‍ കണ്ണൂരിലെ നഗരപാതക്ക് പതിനായിരത്തിലേറെ കുട്ടികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഇതേതുടര്‍ന്ന് കുട്ടികളുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് കണ്ണൂരിലെ ഘോഷയാത്രയില്‍ ഇത്തവണ അയ്യായിരത്തില്‍ താഴെ മാത്രമെ കുട്ടികള്‍ അണിനിരക്കുകയുള്ളൂ.
നഗരറോഡിന് അനുസൃതമായ വീതിയിലായിരിക്കും ഘോഷയാത്ര രൂപകല്‍പ്പന ചെയ്യുക. പതിനാറിന് സെന്റ്‌മൈക്കിള്‍സ് സ്‌കൂള്‍ മൈതാനത്ത് ഐ ജി ദിനേന്ദ്രകശ്യപ് ഫഌഗ് ഓഫ് ചെയ്യും. ഘോഷയാത്രയില്‍ പെങ്കടുക്കുന്ന കുട്ടികള്‍ക്കും കലാകാരന്മാര്‍ക്കും കുടിവെള്ളം വിതരണം ചെയ്യാന്‍ മൊബൈല്‍ സ്‌ക്വാഡും ഉണ്ട്. 

ഘോഷയാത്രയില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അണിനിരക്കും. ബാനര്‍ പിടിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ടീഷര്‍ട്ടും തൊപ്പിയും നല്‍കും. തെയ്യം, തിറ, പൂതക്കളി, നരിക്കളി, ചെണ്ടമേളം, ഡാന്‍സ്, ശിങ്കാരിമേളം, പഞ്ചവാദ്യം, കാവടിയാട്ടം, പൂക്കാവടി, പുലിക്കളി, മുത്തുക്കുടകള്‍ എന്നിവ ഘോഷയാത്രയിലുണ്ടാവും. 

വിവിധ സ്‌കൂളുകളുടെ നേതൃത്വത്തില്‍ ബാന്റ്‌മേളം, അറബനമുട്ട്, ഒപ്പന, കോല്‍ക്കളി, തിരുവാതിര, ദഫ്മുട്ട്, തുള്ളല്‍, നാടന്‍പാട്ട്, എന്നിവയമുണ്ടാകും.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയായ പോലീസ് മൈതാനത്ത് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ നല്‍കിയ മാധ്യങ്ങളുടെ പട്ടിക മീഡിയ കമ്മറ്റി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. നറുക്കെടുപ്പിലൂടെയാണ് മുന്‍ഗണനാക്രമം നിശ്ചയിക്കുക. മൊത്തം 50 പവലിയനുകളുണ്ടാവും. 39 അപേക്ഷകളാണ് എത്തിയത്. സ്റ്റാളിനായി തുക നല്‍കിയവര്‍ക്ക് മാത്രമേ നറുക്കെടുപ്പില്‍ പരിഗണിക്കൂ. അനുവദിച്ച സ്റ്റാളുകള്‍ അതത് സ്ഥാപനങ്ങള്‍ തന്നെ ഉപയോഗിക്കണം. സ്റ്റാള്‍ ആവശ്യമില്ലാത്തവര്‍ നേരത്തെ അറിയിക്കണം. ജനുവരി 10ന് ശേഷം മീഡിയ പാസ് വിതരണം ചെയ്യുമെന്നാണ് സൂചന.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഹാളില്‍ തിങ്കളാഴ്ച കാലത്ത് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍കാര്‍ ഏത് ഉത്തരവാദിത്വമേറ്റെടുത്താലും അത് വാശിയോടെയും മികവോടെയും പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

കലോത്സവമെന്ന വലിയ ഉത്സവം കണ്ണൂര്‍ അതിന്റെ ഹൃദയത്തില്‍ ഏറ്റെടുത്തതായാണ് കാണുന്നത്. വലിയ പരിപാടികള്‍ നടക്കുമ്പോള്‍ കൊച്ചു കൊച്ചുപിഴകള്‍ സംഭവിച്ചേക്കാം. എന്നാലത് പര്‍വതീകരിച്ച് കാട്ടാതെ സംഘാടകരുടെ ശ്രദ്ധയില്‍പെടുത്താന്‍ മാധ്യപ്രവര്‍ത്തകര്‍ തയ്യാറാകണം. 

ഏല്‍പ്പിക്കുന്ന ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന യുവത്വത്തിന്റെ നേതൃത്വതമാണ് കണ്ണൂരിന്റെ ഭരണസാരഥ്യത്തിലുള്ളത്. കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,മേയര്‍ എന്നിവരെല്ലാം തന്നെ യുവത്വത്തിലുള്ളവരാണ്. യുവത്വമെന്ന് പറഞ്ഞാല്‍ ശരീരംകൊണ്ട് മാത്രമല്ല മനസുകൊണ്ടും യുവത്വമെന്നാണ് ഉദ്ദേശിക്കുന്നന്നതെന്നും മന്ത്രി പറഞ്ഞു. 

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എം പി, കെ കെ രാഗേഷ് എം പി, എ എന്‍ ഷംസീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മേയര്‍ ഇ പി ലത, ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി, കൗണ്‍സിലര്‍മാരായ സുമ ബാലകൃഷ്ണന്‍, അഡ്വ. ടി ഒ മോഹനന്‍, ലിഷ ദീപക്, വെള്ളോറ രാജന്‍, മുരളീധരന്‍ തൈക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.