Latest News

ശിരോവസ്ത്രമുള്ള ഫോട്ടോയുടെ പേരില്‍ വിദ്യാര്‍ത്ഥിനിക്ക് ബി.എച്ച്.എം.എസ് റജിസ്‌ട്രേഷന്‍ നിഷേധിച്ചതായി പരാതി

ആലപ്പുഴ: ചെവിയും കഴുത്തും പ്രദര്‍ശിപ്പിക്കാത്ത ഫോട്ടോ നല്‍കിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്ക് ബി.എച്ച്.എം.എസ് റജിസ്‌ട്രേഷന്‍ നിഷേധിച്ചതായി പരാതി.[www.malabarflash.com]
അലപ്പുഴ ജില്ലയിലെ അരൂക്കുറ്റി പഞ്ചായത്തില്‍ കുന്നയില്‍ വീട്ടില്‍ ആസിയ ഇബ്രാഹീമിന്റെ അപേക്ഷയുടെ ഒപ്പം വെക്കേണ്ട പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയില്‍ ചെവിയും കഴുത്തും കാണാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് റജിസ്‌ട്രേഷന്‍ നിഷേധിക്കുകയായിരുന്നു.

എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ട്ടിന്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ നിന്ന് 2016 മെയ് മാസത്തില്‍ ബി.എച്ച്.എം.എസും ഇന്‍േറണ്‍ഷിപ്പും പൂര്‍ത്തിയാക്കിയ ആസിയ, സെപ്റ്റംബര്‍ മാസത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നല്‍കിയ റജിസ്‌ട്രേഷന്‍ അപേക്ഷയാണ് തള്ളിയിരിക്കുന്നത്. ഇസ്‌ലാമിക അനുശാസനകള്‍ പാലിച്ച് തലമുടിയും ചെവിയും കഴുത്തുമെല്ലാം മറച്ച ഫോട്ടോ മാറ്റണമെന്ന് അപേക്ഷ നല്‍കാനെത്തിയ ആസിയയോട് ഒഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.

ചെവിയും കഴുത്തും കാണിച്ചുകൊണ്ടുള്ള ഫോട്ടോ മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു അവരുടെ നിലപാട്. മതവിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രം തന്റെ ഭരണഘടനാപരമായ മൗലികാവകാശമാണെന്നും ചെവിയും കഴുത്തും പുറത്തുകാണിക്കുന്ന ഫോട്ടോ വേണമെന്ന് മെഡിക്കല്‍ കൗണ്‌സിലിന്റെയോ മറ്റോ നിയമത്തിലും പറയുന്നില്ലെന്നും ആസിയ ചൂണ്ടിക്കാണിച്ചതോടെ അധികൃതര്‍ വഴങ്ങുകയും ആസിയയുടെ അപേക്ഷ ഒഫീസ് സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍, ഒരു മാസത്തിനുശേഷം കൂടുതല്‍ വ്യക്തതയുള്ള ഫോട്ടോ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് സര്‍ട്ടിഫിക്കറ്റിനുപകരം ആസിയയെ തേടിയെത്തിയത്. കത്തിനോട് പ്രതികരിച്ചുകൊണ്ട് വ്യക്തത കൂടിയ ഫോട്ടോകള്‍ പൂര്‍ണ ഹിജാബില്‍ തന്നെ ആസിയ സമര്‍പ്പിച്ചു. എന്നാല്‍ ഇതുവരെയും റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ സന്നദ്ധമായിട്ടില്ല. ഭരണഘടന മുഴുവന്‍ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ധിക്കാരപൂര്‍വം തടഞ്ഞും നിയമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും തന്റെ രജിസ്‌ട്രേഷന്‍ വൈകിക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആസിയ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.

സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പരന്നതോടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ശക്തമാകുകയും ആസിയക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്ത് വരുകയും ചെയ്തതോടെയാണ് വിദ്യാര്‍ഥിനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ തിരുമാനിച്ചത്.

സൂക്ഷമപരിശോധനക്ക് ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്നും ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണ്ടിവരുമെന്നും കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍
ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.
(കടപ്പാട്: മാധ്യമം)


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.