Latest News

മുബഷീറ തിരോധാനം; ഉന്നതതല അന്വേഷണം വേണം - എം എസ് എഫ്

കാസര്‍കോട്: മാണിക്കോത്ത് മഡിയന്‍ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ മുബഷിറയുടെയും പുല്ലൂരിലെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് നിയാസിന്റെയും തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

ഏറെ ദുരൂഹതയുളവാക്കുന്ന കേസില്‍ ഹോസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചുവെന്നല്ലാതെ സംഭവത്തില്‍ യാതൊരുവിധ അന്വേഷണവും നടന്നിട്ടില്ല. കുട്ടികളെ കാണാതായതിന് ശേഷം പണം ആവശ്യപ്പെട്ട പാണത്തൂരിലെ ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് വിവരങ്ങള്‍ തേടുകയോ ആ വഴിയില്‍ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, കേവലം കെട്ടുകഥയാണെന്ന മട്ടില്‍ തള്ളിക്കളയുകയാണ് അന്വേഷണം ചെയ്തതെന്ന് നേതാക്കള്‍ ആരോപിച്ചു.

ഡിസംബര്‍ ഒമ്പതിന് രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് മുബഷിറയും മുഹമ്മദ് നിയാസും വീടുവിട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയിരുന്നതായും കാഞ്ഞങ്ങാട് നഗരത്തിലെ ഒരു കടയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തിയതായും വിവരം ലഭിച്ചിരുന്നു. 

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പാദസരവും വളയും മാലയും കൈചെയിനും ഉള്‍പ്പടെ പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ മുബശിറ ധരിച്ചിരുന്നു. ഉമ്മയുടെ പേരിലുള്ള എ.ടി.എം കാര്‍ഡും പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും എങ്ങോട്ടാണ് പോയതെന്നോ എന്തുസംഭവിച്ചെന്നോ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

കുട്ടികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ഏറെ ദുരൂഹതയുണ്ടാക്കിയ സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും ജില്ലയുടെ മന്ത്രിയും സ്ഥലം എം.എല്‍.എയുമായ ഇ ചന്ദ്രശേഖരന്‍ ഇതുവരെയും കുട്ടികളുടെ വീട് സന്ദര്‍ശിക്കുകയോ അന്വേഷണ ഉദ്യോഗസ്ഥരോട് വിവരം തേടുകയോ ചെയ്തിട്ടില്ലെന്നത് ഏറെ ഖേദകരമാണെന്ന് നേതാക്കള്‍ പറഞ്ഞു. 

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കാണാതായ സംഭവം കൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കാണുമെന്നും പ്രക്ഷോഭ പരിപാടികളുടെ ആദ്യഘട്ടമെന്നോണം വെള്ളിയാഴ്ച മാണിക്കോത്ത് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ധര്‍ണനടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. 

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജോ. സെക്രട്ടറി അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് പങ്കെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.