Latest News

എന്‍ഡോസള്‍ഫാന്‍ സുപ്രീംകോടതി വിധി നീതിയുടെ വിജയം: മുഖ്യമന്ത്രി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.[www.malabarflash.com]

സംസ്ഥാനസര്‍ക്കാറിന്റെ പങ്കാളിത്തത്തോടെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സായിപ്രസാദം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കുന്ന 108 വീടുകളില്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ 36 വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കീടനാശിനി കമ്പനികള്‍ മൂന്നു മാസത്തിനകം അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി കാസര്‍കോട്ടെ ദുരിതബാധിത ഗ്രാമപ്രദേശങ്ങളില്‍ നീതിയുടെ വെളിച്ചം തെളിയിക്കുന്നതാണ്. ആറു വര്‍ഷമായി ഡിവൈഎഫ്‌ഐ നടത്തിയ നീതിക്കുവേണ്ടിയുളള പോരാട്ടത്തിന്റെ വിജയമാണിത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായുളള പദ്ധതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. 450 കോടി രൂപയുടെ ക്ഷേമപദ്ധതികളാണ് കേന്ദ്രത്തില്‍ സമര്‍പ്പിച്ചിട്ടുളളത്.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കീടനാശിനി കമ്പനികളോടൊപ്പം നില്‍ക്കുകയായിരുന്നു. 2006 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആരംഭിച്ചത്.

ഗഡുക്കളായി നഷ്ടപരിഹാരവും പെന്‍ഷനും നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. ചികിത്സയ്ക്കായി ബാങ്ക് വായ്പയെടുത്തവരുടെ ജപ്തിനടപടികള്‍ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി. കീടനാശിനി കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാറിനും ഇനി ദുരിതബാധിതരുടെ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ മനുഷ്യശരീരത്തില്‍ കടന്നാലുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കി നീതിപീഠത്തിന് നിരാകരിക്കാനാകാത്തവിധം നടത്തിയ വാദത്തിന്റെ വിജയമാണ് സുപ്രീം കോടതി വിധി.

സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും. ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു. ദുരിതബാധിതര്‍ക്ക് 1000 രൂപ വീതവും ഓണത്തിന് സഹായം നല്‍കി എന്‍ഡോസള്‍ഫാന്‍ ഇരകളോടുളള സര്‍ക്കാറിന്റെ സമീപനം വ്യക്തമാക്കി.

ദുരിതബാധിതര്‍ക്ക് 10 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ചു. ആശ്വാസകിരണം പദ്ധതിയും ചികിത്സാ സഹായവും തുടരുകയാണ്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടം ഏകോപനത്തിനും പുനരധിവാസത്തിനുമുളള സെല്‍ പുന:സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായുളള സത്യസായി സേവാട്രസ്റ്റിന്റെ സേവനം മാതൃകാപരമാണ്. മതേതരമായ ആത്മീയതയാണ് ഇവിടെ പ്രകടമാകുന്നത്. എന്നാല്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കപട ആത്മീയ കേന്ദ്രങ്ങള്‍ കാണാതെ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരിയ കാട്ടുമാടത്ത് നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ദുരിതബാധിത കുടുംബങ്ങള്‍ക്കുളള പട്ടയദാനവും റവന്യൂ മന്ത്രി നിര്‍വ്വഹിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ തറക്കല്ലിടല്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. കാട്ടുമാടത്ത് സായിഗ്രാമത്തില്‍ ആയുഷിന്റെ ഹോളിസ്റ്റിക് സെന്റര്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.

ആയുര്‍വ്വേദ, ഹോമിയോ, സിദ്ധ ചികിത്സാ സഹായ സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായുണ്ടാകും. കെട്ടിടം ഉടന്‍ പൂര്‍ത്തിയാക്കും. 14 ലക്ഷം രൂപ ചെലവില്‍ ജില്ലയ്ക്ക് മൊബൈല്‍ യൂണിറ്റ് അനുവദിച്ചു. ഇതിന്റെ ആദ്യഗഡുവായി ഏഴര ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

50,000 ലിറ്ററിന്റെ സത്യസായി കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം പി കരുണാകരന്‍ എംപി നിര്‍വ്വഹിച്ചു. ആംഫി തിയറ്റര്‍ ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സത്യസായി ട്രെയിനിംഗ് സെന്റര്‍-സ്വയംതൊഴില്‍ പരിശീലന പദ്ധതി എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജനറല്‍ മാനേജര്‍ ടിഎം വര്‍ഗ്ഗീസ് വിശിഷ്ടാതിഥി ആയിരുന്നു.

ചടങ്ങില്‍ സിനിമാ നടനും സായിഗ്രാമം അംബാസഡറുമായ ജയസൂര്യയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, എഡിഎം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കളക്ടര്‍ എച്ച് ദിനേശന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എ കെ രമേന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, ജില്ലാ പഞ്ചായത്തംഗം വിപിപി മുസ്തഫ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ശാരദ എസ് നായര്‍, സി കുഞ്ഞിക്കണ്ണന്‍, സി രാമചന്ദ്രന്‍, പഞ്ചായത്ത് അംഗം സതീശന്‍ വെളളച്ചാല്‍, വില്ലേജ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍, സര്‍വ്വെയര്‍ അജന്ത കുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ പി സതീഷ്ചന്ദ്രന്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, കെ ശ്രീജിത്ത്, ഐ കെ കൃഷ്ണദാസ് തന്ത്രി, ഗണേഷ് മങ്കത്തില്‍, ഗണേഷ് അരവങ്ങാനം, അഗസ്റ്റിന്‍ ജേക്കബ്ബ്, അഡ്വ. ദാമോദരന്‍, ജോര്‍ജ്ജ് പൈനാപ്പളളി, അബ്രഹാം തോണക്കര, ആര്‍ക്കിടെക്ട് ദാമോദരന്‍, ഇരിയ ജുമാ മസ്ജിദ് ഉസ്താദ് മൂസ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. സത്യസായി ട്രസ്റ്റ് ഫൗണ്ടര്‍ ആന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ സ്വാഗതവും സത്യസായി ട്രസ്റ്റ് കോര്‍ഡിനേറ്റര്‍ അഡ്വ. മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.