Latest News

രോഹിങ്ക്യ അഭയാര്‍ഥി സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി മരിച്ച പതിനാറു മാസക്കാരന്റെ ചിത്രം ലോകത്തെ കരയിക്കുന്നു.

ധാക്ക: മ്യാന്‍മര്‍ സൈന്യത്തിന്‍റെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ പലായനം ചെയ്ത രോഹിങ്ക്യ അഭയാര്‍ഥി സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി മരിച്ച പതിനാറു മാസക്കാരന്‍റെ ചിത്രം ലോകത്തെ കരയിക്കുന്നു.[www.malabarflash.com]

സിറിയന്‍ അഭയാര്‍ഥിയായ ഐലന്‍ കുര്‍ദിയുടെ മൃതദേഹം ലോകത്തെ കരയിച്ചതിനു സമാനമായാണ് ബംഗ്ലാദേശിലെ നാഫ് നദിക്കരയില്‍ അടിഞ്ഞ മുഹമ്മദ് ഷൊഹായത്ത് എന്ന പതിനാറു മാസം മാത്രം പ്രായമായ കുഞ്ഞിന്‍റെ ചിത്രം പുറത്തുവരുന്നത്. ഡിസംബര്‍ നാലിനായിരുന്നു സംഭവം.

സെപ്റ്റംബര്‍ പതിനഞ്ചിനായിരുന്നു മെഡിറ്ററേനിയന്‍ കടല്‍തീരത്തടിഞ്ഞ ഐലന്‍ കുര്‍ദിയുടെ ചിത്രം ലോകം ചര്‍ച്ച ചെയ്തത്. മ്യാന്‍മറിലെ സൈന്യത്തിന്‍റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി ബംഗ്ലാദേശിലേക്കു പലായനം ചെയ്യുകയായിരുന്നു മുഹമ്മദ് ഷോഹായത്തിന്‍റെ കുടുംബം. 

അമ്മയും അമ്മാവനും മൂത്ത സഹോദരനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഡിസംബര്‍ നാലിന് ബോട്ടില്‍ ബംഗ്ലാദേശിലേക്കു കടക്കുന്നതിനിടെ ബോട്ട് മുങ്ങുകയായിരുന്നു. ഷൊഹായത്തിന്‍റെ പിതാവ് 
മ്യാന്‍മറില്‍തന്നെയാണുള്ളത്. 

മരണം സ്ഥിരീകരിക്കാനായി ആരോ പിതാവിന് ഈ ചിത്രം ഫോണില്‍ അയച്ചുകൊടുക്കുകയായിരുന്നു. ഈ ചിത്രം കാണുന്നതിലും ഭേദം താന്‍ മരിക്കുകയായിരുന്നു എന്നാണ് പിതാവ് സാഫര്‍ അലം പ്രതികരിച്ചത്.

മ്യാന്‍മറിലെ ന്യൂനപക്ഷ വംശീയരല്ലാത്ത അനധികൃത കുടിയേറ്റക്കാരാണ് രോഹിങ്ക്യകള്‍ എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. തുടര്‍ന്നാണ് ഇത്തരക്കാരെ കണ്ടെത്തി പിടികൂടാന്‍ സൈന്യം തെരച്ചില്‍ നടത്തുന്നത്. രോഹിങ്ക്യ പ്രശ്നം പരിഹരിക്കാന്‍ രാജ്യത്തെ വിദേശകാര്യ മന്ത്രിയും മുന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഓങ് സാന്‍ സുകി ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവും ഉണ്ട്. 

പതിനായിരത്തോളം രോഹിങ്ക്യ മുസ്ലിംകള്‍ സൈന്യത്തിന്‍റെയും മ്യാന്‍മര്‍ സര്‍ക്കാരിന്‍റെയും ഉപദ്രവം ഭയന്നു പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്.



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.