Latest News

വിഷവാതകം ശ്വസിച്ച് ഷാര്‍ജയില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ഷാര്‍ജ: സജ വ്യവസായ മേഖലയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ കിഷന്‍ സിങ്, മോഹന്‍ സിങ്, ഉജേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്. 20, 23, 47 വയസ് പ്രായമുള്ളവരാണ് ഇവര്‍.[www.malabarflash.com]

ശനിയാഴ്ച രാത്രിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. വത്തന്‍ അല്‍ അംജാദ് യൂസ്ഡ് ഓയില്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കരാണ് മൂന്ന് പേരും. എണ്ണ ടാങ്ക് വൃത്തിയാക്കുമ്പോള്‍ ഉയര്‍ന്ന വിഷവാതകമാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധന ഫലം. മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വിവരം ശനിയാഴ്ച രാത്രിയാണ് പൊലീസിന് ലഭിക്കുന്നത്.

ഉടനെ പാരമെഡിക്കല്‍, അംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളോടൊപ്പം പൊലീസ് സംഭവ സ്ഥലത്തേക്ക് പാഞ്ഞത്തെി. സിവില്‍ ഡിഫന്‍സ് ടാങ്കില്‍ ഇറങ്ങി ഇവരെ പുറത്തെടുത്തു. പരിശോധനയില്‍ ഇവര്‍ മരിച്ചതായി കണ്ടത്തെി.മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇവര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

സുരക്ഷാ വീഴ്ചയാണ് മരണത്തിന് ഹേതുവായതെന്നാണ് പരിശോധന ഫലം. ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് ആഴത്തിലുള്ള അവബോധം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വേളയിലും തുടര്‍ന്നും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുള്ളതാണ്. 

മൃതദേഹങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് മറ്റ് വല്ല കാര്യങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.