Latest News

മൂന്നു ലക്ഷം റിയാല്‍ ഒടുക്കാത്തതിന്റെ പേരില്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രി മൃതദേഹം വിട്ടുനല്‍കുന്നില്ലെന്ന് പരാതി


ജിദ്ദ: മൂന്നു ലക്ഷം റിയാല്‍ ഒടുക്കാത്തതിന്റെ പേരില്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രി മൃതദേഹം വെച്ചിരിക്കുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സക്കിടയില്‍ രോഗി മരിച്ചാല്‍ മൃതദേഹം പിടിച്ചു വെക്കുവാന്‍ ആശുപത്രിക്ക് അധികാരമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. [www.malabarflash.com]

ചികിത്സാ ചെലവായി 304,000 റിയാല്‍ കൊടുക്കാനുള്ളതിന്റെ പേരിലാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രി യമന്‍ സ്വദേശിയുടെ മൃതദേഹം പിടിച്ചുവെച്ചതായാണ് ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്. കരളിനും അന്നനാളത്തിനും ബാധിച്ച രോഗത്തിന് ചികിത്സ തേടി മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ കീമോ തെറാപ്പി നടത്തുകയും വയര്‍ കഴുകുകയും ചെയ്തതിന് ശേഷം രോഗം സുഖമാവുകയും ചെയ്തിരുന്നതാണ്.

മക്കയിലെ ഹോസ്പിറ്റലില്‍ നിന്നും രോഗിയെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. എന്റോസ്‌കോപ്പി എടുക്കണമെന്നും 15,000 റിയാലില്‍ താഴെ മാത്രമേ ചെലവ് വരൂ എന്നും അറിയിച്ചു. പക്ഷെ എന്‍ഡോസ്‌കോപ്പി ചെയ്തതിനു ശേഷം രോഗിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും മസ്തിഷ്‌കാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 18 ദിവസം ഐസിയുവില്‍ കിടത്തി. പിന്നീട് രോഗി മരണപ്പെട്ടു.

ആശുപത്രി അധികൃതര്‍ ചികിത്സയുടെ ഇനത്തില്‍ 304,000 റിയാല്‍ ബില്ലടക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു. തുക അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മൃതദേഹം ആശുപതിയില്‍ പിടിച്ചു വെച്ചിരിക്കുകയാണ്. രോഗി മരിക്കുവാന്‍ കാരണം ചികിത്സാ പിഴവാണെന്നും അതുകൊണ്ട് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം ചികിത്സക്കിടയില്‍ രോഗിമരിച്ചാല്‍ മൃതദേഹം പിടിച്ചുവെക്കുവാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് ആരോഗ്യവകുപ്പ് വക്താവ് അബ്ദുല്ലാ അല്‍ ഗാംദി പറഞ്ഞു. ആശുപത്രിയില്‍ നിന്നും ചികിത്സാ പിഴവ് മൂലമാണ് രോഗി മരിച്ചതെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയാല്‍ ആരോഗ്യ മന്ത്രാലയം നടപടിയെടുക്കുമെന്നും അല്‍ഗാം ദി പറഞ്ഞു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.