Latest News

സംഘപരിവാര്‍ വെല്ലുവിളി അവഗണിച്ച് പിണറായി മംഗളൂരുവിലെത്തി

മംഗളൂരു: ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കു നടുവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി.[www.malabarflash.com]

രാവിലെ 10.30ന് മലബാര്‍ എക്‌സ്പ്രസില്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വല സ്വീകരണമാണ് മംഗളൂരുവിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
രാവിലെ 11നു വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയും പിണറായി ഉദ്ഘാടനം ചെയ്യും. 

പിണറായി വിജയനെ തടയുമെന്ന സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ശനിയാഴ്ച രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മതസൗഹാര്‍ദ റാലിയുടെ പ്രകടനം 2.30ന് അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നാരംഭിക്കും. മൂന്നിനു നെഹ്‌റു മൈതാനിയിലാണു പൊതുയോഗം. പിണറായിക്കു പുറമെ സിപിഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി.വി.ശ്രീരാമ റെഡ്ഡിയും പൊതുയോഗത്തില്‍ പ്രസംഗിക്കും. 

കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാവായ പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രസംഗിക്കുന്നതു തടയാനായി സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി ഹര്‍ത്താലിനു പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, കേരള മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ എം.ചന്ദ്രശേഖര്‍ പറഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കും സുരക്ഷ ഒരുക്കും. ഹര്‍ത്താലിനിടെ വഴിതടയലോ നിര്‍ബന്ധിച്ച് സ്ഥാപനങ്ങള്‍ അടപ്പിക്കലോ അനുവദിക്കില്ലെന്നു പോലീസ് വ്യക്തമാക്കി. ഏതങ്കിലും വിധത്തിലുള്ള ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദികളായവരെ ശക്തമായി നേരിടും. ഇതിന്റെ ഭാഗമായി ജില്ലയില്‍ മൊത്തം 23 എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്മാരെ നിയോഗിച്ചു.


Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.